തൃശൂർ: കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധം കത്തിനിൽക്കേ തൃശൂരിൽ സിപിഐഎം ഏരിയാ സമ്മേളനങ്ങൾക്ക് തുടക്കം. സിപിഎം അനുഭാവിയായിരുന്ന ഗുരുവായൂർ ബ്രഹ്മകുളം സ്വദേശി ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ നെന്മിനി വടക്കെ തിരികത്ത് കോളനിയിൽ ആനന്ദിന്‍റെ കൊലപാതകമാണ് ഒടുവിലെ വിവാദം. കൊലയിൽ സിപിഎമ്മിന് പങ്കില്ലെന്നും പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നും ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. അതേസമയം, ആനന്ദിനെ വകവരുത്താനെത്തിയവര്‍ സംഭവസ്ഥലത്ത് ഉപേക്ഷിച്ച കാർ ഫാസിലിന്‍റെ സഹോദരന്‍റേതാണ്. 

കൊലപാതകം നടന്ന ഗുരുവായൂർ നിയോജക മണ്ഡലം ഉൾപ്പെടുന്ന ഏങ്ങണ്ടിയൂരിലാണ് ജില്ലയിലെ ആദ്യ ഏരിയാ സമ്മേളനത്തിന് ഇന്ന് തുടക്കമായത്. ഡിസംബർ 26-28 തിയതികളിൽ തൃപ്രയാറിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന നാട്ടിക ഏരിയാ കമ്മിറ്റിയുടെ സമ്മേളനമാണിവിടെ തുടങ്ങിയത്. കൊലപാതകത്തിനൊപ്പം ഗുരുവായൂരിലെ പാർത്ഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ഏറ്റെടുത്തതിന്‍റെ പശ്ചാത്തലവും ചർച്ചയാവും. സർക്കാരിനെ പ്രതിരോധത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ 'പാർത്ഥസാരഥി ക്ഷേത്രം തിരിച്ചുപിടിക്കൽ' ക്യാംപെയ്ന് ആർഎസ്എസ്-വിശ്വഹിന്ദ് പരിഷത്തിന് നീക്കവുമുണ്ട്. ഇതിനെ ഏതുവിധേന നേരിടുമെന്നതും സിപിഎമ്മിന് തലവേദനയാണ്. ക്ഷേത്രത്തിന്‍റെ പേരിൽ ഗുരുവായൂർ മേഖല കലുഷിതമാണെന്ന് വരുത്തി തീർക്കാൻ സംഘർഷമുണ്ടാക്കുകയാണ് സംഘപരിവാർ ലക്ഷ്യം.

അതേസമയം, നാട്ടിക ഉൾപ്പടെ മുഴുവൻ ഏരിയാ സമ്മേളനങ്ങളും വിഭാഗീയതയുടെ നിറം പകരുന്നതാവുമെന്ന ഭീതിയും ജില്ലാ നേതൃത്വത്തിനുണ്ട്. ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ തന്നെ കടുത്ത മത്സരത്തിന് വേദിയായ കൈപ്പമംഗലം ലോക്കൽ സമ്മേളനവും ഒടുവിൽ നടന്ന കണ്ടാണശേരി ലോക്കൽ സമ്മേളനവുമെല്ലാം വിഭാഗീയത തുറന്നുകാട്ടിയതാണ്. കൈപ്പമംഗലത്ത് ലോക്കൽ സെക്രട്ടറി തെരഞ്ഞെടുപ്പ് റദ്ദാക്കി ഏരിയാ കമ്മറ്റിയംഗത്തിന് ചുമതല നൽകിയാണ് ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ സമ്മേളനം അവസാനിപ്പിച്ചത്.

കണ്ടാണശേരിയിൽ ഒദ്യോഗിക പാനലിനെതിരെ മത്സരിച്ച് നിലവിലെ ലോക്കൽ സെക്രട്ടറിയെ ഉൾപ്പടെ പരാജയപ്പെടുത്തി വിമത വിഭാഗത്തിലെ നാല് പേർ വിജയിച്ചു. ജില്ലാ, ഏരിയാ നേതാക്കളുടെ വിലക്ക് ലംഘിച്ചായിരുന്നു ഇവിടെ മത്സരം. ജില്ലാ സെക്രട്ടറി സ്ഥാനത്ത് സൗമ്യമുഖം പ്രതിഷ്ഠിച്ച തൃശൂരിൽ അടിത്തട്ടുമുതൽ നിലനിൽക്കുന്ന വിഭാഗീയതയ്ക്ക് കുറവില്ലെന്നാണ് ഇവ സൂചിപ്പിക്കുന്നത്. ചേരിപ്പോരും കൊലപാതക വിവാദവും ചർച്ചയാവുന്ന ചാവക്കാട് ഏരിയാ സമ്മേളനത്തിന് 16 ന് തുടക്കമാകും.

ഏറെക്കാലമായി തർക്കങ്ങളുള്ള ഇരിങ്ങാലക്കുടയിലെയും ജില്ലാ സെക്രട്ടറിയുടെ തട്ടകമായ ചേലക്കരയിലും 16 മുതലാണ് ഏരിയാ സമ്മേളനം. കൊടുങ്ങല്ലൂരിലും മണലൂരും ചേർപ്പിലും 19 ന് സമ്മേളനങ്ങൾ ആരംഭിക്കും. കൊടകര, പുഴയ്ക്കൽ, മണ്ണുത്തി എന്നിവിടങ്ങളിലേത് 22 നും മാള, കുന്നംകുളം, ചാലക്കുടി സമ്മേളനങ്ങൾ 26 നും തുടങ്ങും. തൃശൂർ, ഒല്ലൂർ, വടക്കാഞ്ചേരി ഏരിയാ സമ്മേളനങ്ങൾ 28 നും ആരംഭിക്കും. മൂന്ന് ദിവസങ്ങളിലായാണ് നാട്ടികയിലേതൊഴികെ ഏരിയാ സമ്മേളനങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. രണ്ടുദിവസത്തെ നാട്ടിക സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണാണ് ഉദ്ഘാടനം ചെയ്തത്.