കൊച്ചി: സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്‍റിനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി ഉണ്ണിക്കൃഷ്ണന്‍, സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് ഉള്‍പ്പെടെയുള്ള നേതാക്കളെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്. ഇതിനായി നേതാക്കള്‍ പങ്കെടുത്ത നിരവധി പൊതുചടങ്ങുകളില്‍ ഇയാള്‍ എത്തിയിരുന്നെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആരുടേയും പ്രേരണ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിഐടിയു സിഐടിയു എറണാകളും ജില്ലാ പ്രസിഡന്‍റ് കെ എന്‍ ഗോപിനാഥിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ഉണ്ണിക്കൃഷ്ണനെ പൊലീസ് കൈയോടെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് ഉള്‍പ്പെടെയുള്ള നേതാക്കളെ ആക്രമിക്കാന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി വിവരം ലഭിച്ചത്. ഇതിനായി നേതാക്കള്‍ പങ്കെടുത്ത ചില പൊതു പരിപാടികളില്‍ പ്രതി പങ്കെടുത്തു. എന്നാല്‍ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഈ യോഗങ്ങളുടെ വിവരങ്ങള്‍ പ്രതി പൊലീസിന് കൈമാറി.
പ്രതി ചൂണ്ടിക്കാട്ടിയ ദിവസങ്ങളില്‍ നേതാക്കള്‍ പങ്കെടുത്ത യോഗങ്ങള്‍ നടന്നിരുന്നതായി പൊലീസിന് ബോധ്യപ്പെട്ടു. കുടുംബത്തിലെ ചില പ്രശ്നങ്ങളെ തുടര്‍ന്ന് ഉണ്ണിക്കൃഷ്ണ്‍ സിപിഎമ്മിനെതിരെ നിലപാട് സ്വീകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജ്യേഷ്ഠ്യന്‍റെ വിവാഹം, റോഡിന് സ്ഥലം വിട്ടു കൊടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് വിദ്വേഷം ഉണ്ടായത്. സിപിഎം നേതാക്കളെ ആക്രമിച്ച് ഇതിന് പ്രതികാരം ചെയ്യാന്‍ ഉണ്ണിക്കൃഷ്ണന്‍ തീരുമാനിച്ചു. ഇതിനായി തിരുവനന്തുപുരത്തെ കടയില്‍ നിന്ന് കത്തി വാങ്ങി. വീട് വിട്ട് കൊച്ചിയിലെത്തിയ ശേഷം ഇതിനായി ശ്രമം തുടങ്ങി.
സിഐടിയുവിന്‍റെ സമരത്തെക്കുറിച്ച് അറിയുന്നത് ചങ്ങുമ്പുഴ പാര്‍ക്കിന് സമീപം കണ്ട ഒരു പോസ്റ്ററിലൂടെയാണെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. പ്രതിയേയും കൊണ്ട് ഇവിടെ പൊലീസ് എത്തി തെളിവെടുപ്പ് നടത്തി. സിപിഎമ്മിനോടുള്ള വിരോധം അല്ലാതെ ആരുടേയും പ്രേരണ ആക്രമണത്തിന് പിന്നിലില്ലെന്ന് വ്യക്തമായിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ അസ്വഭാവികമായി ഒന്നും തന്നെ കണ്ടെത്താനായില്ല. ആക്രമണത്തിന് തലേന്ന് ഒരു ബന്ധുവിന്‍റെ കോള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍റ് ചെയ്തിരിക്കുകയാണ്.
