വൈകിട്ട് ആറ് മണിക്ക് കണ്ണൂര്‍ കളക്ടറേറ്റിലാണ് ചര്‍ച്ച. കൊല്ലപ്പെട്ട രണ്ട് പേരുടെയും പാര്‍ട്ടി ഘടകം കണ്ണൂരില്‍ ആയതിനാലാണ് യോഗം കണ്ണൂരില്‍ നടക്കുന്നത്.

കണ്ണൂര്‍: മാഹി ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് സി.പി.എം-ബി.ജെ.പി ഉഭയകക്ഷി ചര്‍ച്ച. സമാധാന ചര്‍ച്ച നടക്കാനിരിക്കെ പുതുച്ചേരി ഗവര്‍ണര്‍ക്കും പോലീസിനും എതിര്‍ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. പോലീസ് ഒത്താശയോടെയാണ് സി.പി.എം നേതാവ് ബാബുവിനെ, ആര്‍.എസ്.എസ് കൊലപ്പെടുത്തിയതെന്ന് കോടിയേരി പറഞ്ഞു. മാഹി വിഷയത്തില്‍ ഗവര്‍ണറെ സമീപിച്ച ബി.ജെ.പി നേതാക്കള്‍ ഇന്ന് പുതുച്ചേരി ഗവര്‍ണരേയും കാണും.

വൈകിട്ട് ആറ് മണിക്ക് കണ്ണൂര്‍ കളക്ടറേറ്റിലാണ് ചര്‍ച്ച. കൊല്ലപ്പെട്ട രണ്ട് പേരുടെയും പാര്‍ട്ടി ഘടകം കണ്ണൂരില്‍ ആയതിനാലാണ് യോഗം കണ്ണൂരില്‍ നടക്കുന്നത്. സമാധാന യോഗങ്ങള്‍ പ്രഹസനമാകുന്നതില്‍ അമര്‍ഷം ശക്തമാണ്. കഴിഞ്ഞ തവണ നടന്ന സര്‍വകക്ഷി യോഗം വാക്കേറ്റത്തില്‍ കലാശിച്ചിരുന്നു. യോഗം കൂടി പിരിയുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ തുറന്നടിച്ചു. കൊല്ലപ്പെട്ട ബാബുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം പുതുച്ചേരി പൊലീസിനെതിരേയും രൂക്ഷ വിമര്‍ശനം. 

പുതുച്ചേരി കേന്ദ്രീകരിച്ച് ബി.ജെ.പിയും തിരക്കിട്ട നീക്കങ്ങളില്‍ ആണ്. ഇന്നലെ ഗവര്‍ണറെ കണ്ട ബി.ജെ.പി നേതാക്കള്‍ ഇന്ന് ഡി.ജി.പിയെയും കാണുന്നുണ്ട് . അതെ സമയം രണ്ടു കേസുകളിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഷമേജ് വധക്കേസില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയാന്‍ ഉള്ള ശ്രമത്തിലാണ് ന്യൂ മാഹി പോലീസ്. പുതുച്ചേരി പോലീസ് അന്വേഷിക്കുന്ന ബാബു വധക്കേസില്‍ ആളുകളെ തിരിച്ചറിഞ്ഞെങ്കിലും മറ്റു നടപടികള്‍ ഒന്നും മുന്നോട്ടു പോയിട്ടില്ല.