കണ്ണൂര്‍: കണ്ണൂര്‍ പിണറായിക്കടുത്ത് വടക്കുമ്പാട് സി പി ഐ എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് കത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സി പി ഐ എം ഓഫീസ് കത്തി നശിച്ച നിലയില്‍ കണ്ടത്. വാതില്‍ തകര്‍ത്തശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്നാണ് സംശയിക്കുന്നത്. ഒഫീസ് കത്തുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചെങ്കിലും ഓഫീസ് പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. ഓഫീസിലെ ഉപകരണങ്ങളും ഫര്‍ണീച്ചറുകളും പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. നിരവധി പുസ്‌തകങ്ങളും കത്തിനശിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധരാണെന്ന് സി പി ഐ എം ആരോപിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ പിണറായി മേഖലയില്‍ സി പി ഐ എം - ആര്‍ എസ് എസ് സംഘര്‍ഷം നിലനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്നദിവസം ആഹ്ലാദപ്രകടനത്തിനിടയിലേക്ക് ആര്‍ എസ് എസ് നടത്തിയ ബോംബേറില്‍ സി പി ഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് ഇരു കക്ഷികളിലും ഉള്‍പ്പെട്ടവരുടെ വീടുകള്‍ക്ക് നേര്‍ക്ക് വ്യാപകമായ ആക്രമണം നടന്നിരുന്നു. സി പി ഐ എം ആക്രമണം ദേശീയതലത്തില്‍ ബി ജെ പി വലിയ പ്രചാരണ വിഷയമാക്കിയിരുന്നു.