തിരുവനന്തപുരം: സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിവസത്തെ ചര്‍ച്ച ഇന്ന് രാവിലെ 10 മണിക്ക് തുടങ്ങും. ദേശീയ രാഷ്ട്രീയ സ്ഥിതിഗതികള്‍ ഇന്നലെ ചര്‍ച്ചചെയ്തിരുന്നു. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടും വിലയിരുത്തലുമാണ് ഇന്നത്തെ പ്രധാന അജണ്ട. വൈകീട്ട് നാലുമണിയോടെ ഇന്നത്തെ ചര്‍ച്ചകള്‍ അവസാനിക്കും. നേതാക്കള്‍ക്ക് വൈകീട്ട് അഞ്ചിന് നടക്കുന്ന ബഹുജന റാലിയില്‍ പങ്കെടുക്കാനായാണ് നേരത്തേ ചര്‍ച്ച അവസാനിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചിരിക്കുന്നത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഴുവന്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങളും വി എസ് അച്യുതാനന്ദനും സമ്മേളനത്തില്‍ പ്രസംഗിക്കും. ഞായറാഴ്ച സംഘടനാ വിഷയങ്ങളിലുള്ള ചര്‍ച്ചയോടെ കേന്ദ്രകമ്മിറ്റി യോഗം സമാപിക്കും. വി എസ് അച്യുതാനന്ദനെതിരെയുള്ള പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ കേന്ദ്രകമ്മിറ്റി പരിഗണിക്കും.