തിരുവനന്തപുരം: ഒക്ടോബര്‍ വിപ്‌ളവത്തിന്റെ നൂറാം വാര്‍ഷിക ദിനം ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചോടെ തലസ്ഥാനത്ത് സി പി ഐ എം ആചരിച്ചു. യുപി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി രാജ്യത്തിന് ഗുണകരമല്ലാത്ത സംഭവങ്ങള്‍ സൃഷ്ടിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപിയുടെ മുത്തലാക്ക് പൂര്‍ത്തിയാകുമെന്നും സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

പാളയത്തുനിന്നാരംഭിച്ച റെഡ് വളണ്ടിയര്‍ മാര്‍ച്ചായിരുന്നു ഒക്ടോബബര്‍ വിപ്‌ളത്തിന്റെ നൂറാം വാര്‍ഷിക ദിനത്തില്‍ തലസ്ഥാനത്ത് സി പി ഐ എം സംഘടിപ്പിച്ചത്. നൂറ് കണക്കിന് പുരുഷ വനിത റെഡ് വളണ്ടിയര്‍മാര്‍ മാര്‍ച്ചില്‍ അണിനിരന്നു. തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന പൊതുയോഗം സി പി ഐ എം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ആര്‍ എസ് എസ് ഇപ്പോള്‍ പറയുന്ന ഹിന്ദുത്വമല്ല ഇന്ത്യന്‍ ദേശീയതയെന്ന് പറഞ്ഞ യെച്ചൂരി യു പി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അപകടകരമായ സംഭവങ്ങള്‍ രാജ്യത്ത് ബി ജെ പി സൃഷ്ടിക്കുകയാണെന്നും കുറ്റപ്പെടുത്തി.

സോവയിറ്റ് യൂണിയന്റെ തകര്‍ച്ചയുടെ കാരണങ്ങളും സ്റ്റാലിന്റെ നേതൃപാടവത്തെയും ഓര്‍മ്മപ്പെടുത്തിയായിരുന്നു പിണറായി വിജയന്‍ സംസാരിച്ചത്.

റെഡ് വളണ്ടിയര്‍ മാര്‍ച്ച് എത്താന്‍ വൈകിയതോടെ പരിപാടി നിശ്ചയിച്ച സമയത്തേക്കാള്‍ രണ്ട് മണിക്കൂര്‍ വൈകിയത് ചടങ്ങിനെത്തിയ നേതാക്കളെ അസ്വസ്ഥരാക്കി. തുടര്‍ന്ന് ഏഴ് മണിയോടെയാണ് പൊതുയോഗം തുടങ്ങിയത്.