കൊല്‍ക്കത്ത: പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച ബദല്‍രേഖ നാളെ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പിനിടുമ്പോള്‍ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കാവുന്ന ഒരു രാഷ്ട്രീയതീരുമാനമാണ് പുറത്തു വരാന്‍ പോകുന്നത്. കോണ്‍ഗ്രസുമായി പൊതുപ്രശ്‌നങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കാം എന്നതനിപ്പുറം ഒരു രാഷ്ട്രീയബന്ധമോ സഖ്യമോ പാടില്ല എന്നതാണ് സിപിഎം പോളിറ്റ് ബ്യൂറോയിലേയും കേന്ദ്ര കമ്മിറ്റിയിലേയും ഭൂരിപക്ഷം പേരുടേയും നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അടങ്ങുന്ന കേരളഘടകവും ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 

എന്നാല്‍ ബിജെപി പകുതിയിലേറെ സംസ്ഥാനങ്ങളും ഭരിക്കുകയും പാര്‍ട്ടി ശക്തി കേന്ദ്രങ്ങളായ ബംഗാളും കേരളവും ത്രിപുരയുമെല്ലാം പിടിച്ചെടുക്കാന്‍ ശക്തമായി ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കണം എന്ന നിലപാടാണ് യെച്ചൂരിക്കും മറ്റു സംസ്ഥാന ഘടകങ്ങള്‍ക്കുമുള്ളത്. ബംഗാളും ത്രിപുരയും അടക്കം എട്ടോളം സംസ്ഥാന കമ്മിറ്റികളും യെച്ചൂരിയുടെ ഈ നിലപാടിനോടാണ് യോജിക്കുന്നത് എന്നാല്‍ കേന്ദ്രകമ്മിറ്റിയില്‍ വ്യക്തമായ ഭൂരിപക്ഷം നേടുവാന്‍ യെച്ചൂരിക്കും അദ്ദേഹത്തെ പിന്തുടരുന്നവര്‍ക്കും സാധിച്ചിട്ടില്ല.

ഭരണം നഷ്ടമായ ബംഗാളിലും ഉടന്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ത്രിപുരയിലും സിപിഎമ്മിനെതിരെ ശക്തമായ നീക്കങ്ങളാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ബിജെപി നടത്തുന്നത്. കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും മാറ്റി നിര്‍ത്തി ബംഗാളില്‍ മമതയും ബിജെപിയും തമ്മിലാണ് പോരാട്ടം എന്ന് പറയാന്‍ പോലും ബിജെപി നേതൃത്വം ആത്മവിശ്വാസം കാണിക്കുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ ബിജെപിയെ പോലെ ഒരു ഫാസിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍ നിന്നും താഴയിറക്കാനും പ്രതിരോധിക്കാനും കോണ്‍ഗ്രസുമായി കൈക്കോര്‍ക്കണം എന്നാണ് യെച്ചൂരിയും ബംഗാള്‍ ഘടകവും പാര്‍ട്ടിക്കുള്ളില്‍ സ്വീകരിച്ചിട്ടുള്ള നിലപാട്. പ്രാദേശിക സാഹചര്യങ്ങള്‍ പരിഗണിച്ചു വേണം പാര്‍ട്ടി ദേശീയ തലത്തില്‍ നിലപാട് സ്വീകരിക്കാനെന്നും യെച്ചൂരി വാദിക്കുന്നു.

എന്നാല്‍ സിപിഎം കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷവും ഈ നിലപാടിനെതിരാണ്. ബിജെപിയെ പോലെ തന്നെ അപകടകാരികളാണ് കോണ്‍ഗ്രസെന്നാണ് പ്രകാശ് കാരാട്ടും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും വാദിക്കുന്നത്. കോണ്‍ഗ്രസുമായി സഹകരിക്കുന്നത് കേരളത്തില്‍ ബിജെപി ആയുധമാക്കും എന്നതിനാല്‍ കേരളഘടകവും പ്രകാശ് കാരാട്ടിനൊപ്പം ഉറച്ചു നില്‍ക്കുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയും കാരാട്ടിനുണ്ട്. ഇന്ന് ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയിലും കരടുരേഖയുമായി യെച്ചൂരി വീറോടെ വാദിച്ചെങ്കിലും ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ അടക്കം മുപ്പതോളം പേരുടെ മാത്രം പിന്തുണയെ അദ്ദേഹത്തിന് ലഭിച്ചുള്ളൂ. 

ഞായറാഴ്ച്ച നടക്കുന്ന വോട്ടെടുപ്പില്‍ കരടുരേഖ തള്ളിപ്പോയാല്‍ പിന്നെ താന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. എന്നാല്‍ ഇപ്പോള്‍ യെച്ചൂരി രാജിവയ്‌ക്കേണ്ട ആശ്യമില്ലെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്. നാളെ നടക്കുന്ന സിസിയില്‍ രേഖ വോട്ടിനിട്ട് തള്ളിയാലും വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലും കോണ്‍ഗ്രസ് സഹകരണം വലിയ ചര്‍ച്ചകള്‍ക്ക് കാരണമാക്കുമെന്ന കാര്യം ഉറപ്പാണ്. വരുന്ന ഏപ്രില്‍ 18 മുതല്‍ 22 വരെ ആന്ധ്രാപ്രദേശിലാണ് സിപിഎമ്മിന്റെ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്. അതിന് മുന്‍പായി പുറത്തു വരുന്ന ത്രിപുര തിരഞ്ഞെടുപ്പ് ഫലവും യെച്ചൂരിക്ക് നിര്‍ണായകമാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തിരിച്ചു വരവിന് ശ്രമിക്കുന്ന കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം 2004-ലേത് പോലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പ്രതിപക്ഷ കക്ഷികളുടെ ഒരു ഐക്യനിര കെട്ടിപ്പടുക എന്നതാണ്. 2004-ല്‍ അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്താണ് ആ ദൗത്യത്തിന് ചുക്കാന്‍ പിടിച്ചത്. 2019-ല്‍ ആ ചുമതലയേറ്റെടുക്കാന്‍ യെച്ചൂരിക്ക് സാധിക്കുമോ എന്നതിനുള്ള ഉത്തരം കൂടിയാണ് ബദല്‍ രേഖയിലൂടെ വരാന്‍ പോകുന്നത്.