കൊല്ലം: ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് ഓണസമ്മാനമായി ജൈവപ്പച്ചക്കറി നല്‍കി കൊല്ലത്തെ സിപിഐഎം നേതൃത്വം. ജില്ലാ കമ്മിറ്റി ഓഫീസിന്റെ മട്ടുപ്പാവിലാണ് പച്ചക്കറി വിളവെടുപ്പ് നടന്നത്. തക്കാളി, പയര്‍, വെണ്ടയ്ക്ക, വഴുതനങ്ങ, പച്ചമുളക് അങ്ങനെ ഓണത്തിന് വേണ്ടതെല്ലാം ഒരു കുട്ടയില്‍. ജില്ലാ കമ്മിറ്റിയിലെ 68 പേര്‍ക്കും ഇത്തവണ ഓണത്തിന് പുറത്ത് നിന്ന് പച്ചക്കറി വാങ്ങണ്ട. ഓണം വിളവെടുപ്പ് മുന്‍കൂട്ടി കണ്ടാണ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ മട്ടുപ്പാവില്‍ എല്ലായിനം പച്ചക്കറികളും കൃഷി ചെയ്തത്. പരിചരണം ജില്ലാ സെക്രട്ടറിയും ഓഫീസ് സ്റ്റാഫും ചേര്‍ന്ന്. ഓണത്തലേന്ന് എല്ലാവര്‍ക്കും ഒരു സര്‍പ്രൈസ് സമ്മാനമായാണ് ജില്ലാ കമ്മറ്റി പച്ചക്കറി നല്‍കിയത്. എം മുകേഷ് എംഎല്‍എ ജൈവപ്പച്ചക്കറി വിതരണം ഉദ്ഘാടനം ചെയ്തു.

കൊല്ലം ജില്ലാകമ്മിറ്റി ഓഫീസിന്റെ വിശാലമായ മട്ടുപ്പാവ് കഴിഞ്ഞ വര്‍ഷമാണ് കൃഷിക്കായി തെരഞ്ഞെടുത്ത്. ഇത് രണ്ടാമത്തെ വിളവെടുപ്പാണ്. അടുത്ത കൃഷിയില്‍ കൂടുതല്‍ പച്ചക്കറി ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. കമ്മിറ്റി ഓഫിസിന്റെ താഴത്തെ ഭാഗത്തും കൃഷി ചെയ്യാന്‍ ആലോചനയുണ്ട്.