തിരുവനന്തപുരം: 22 ആം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും . മുഖ്യമന്ത്രി അടക്കം മന്ത്രിമാരുടേയും സര്‍ക്കാരിന്‍റേയും പ്രവര്‍ത്തനങ്ങള്‍ സമ്മേളനങ്ങള് വിലയിരുത്തും . സിപിഎം സിപിഐ തര്‍ക്കവും പ്രധാന ചർച്ചയാകും .
കഴിഞ്ഞ കാലങ്ങളില്‍ വ്യക്തികളുടെ പേരിലെ വിഭാഗീയത നിലനിന്നിരുന്നുവെങ്കില്‍ ഇത്തവണ സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ അത്തരം തലവേദനയില്ല . എന്നാല്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം വിമര്‍ശനപരമായി തന്നെ വിലയരുത്തും . ഒന്നര വര്‍ഷത്തെ പ്രവര്‍ത്തനം , ഓരോ മന്ത്രിമാരുടേയും പ്രവര്‍ത്തനങ്ങള്‍ , പല വിഷയങ്ങളിലും മുഖ്യമന്ത്രിയുടെ ഓഫിസിനുണ്ടായ വീഴ്ചകള്‍ എന്നിവ ഉയര്‍ന്നുവന്നേക്കാം . കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയെ പാര്‍ട്ടി വല്ലാതെ പിന്തുണച്ചെന്ന വികാരം ശക്തമാണ് .
ഇതേത്തുടര്‍ന്ന് നാല് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്നതും ചര്‍ച്ചയാകും . ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ അടക്കം വിമർശനങ്ങളുണ്ടാകും . സെന്‍കുമാര്‍ വിഷയം കൈകൈാര്യം ചെയ്തതില്‍ വന്ന വീഴ്ച ,ജേക്കബ് തോമസിന്‍റെ
കാര്യത്തില്‍ സർക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ , സര്‍ക്കാരിനുണ്ടായ തിരിച്ചടി , ഇടുക്കി , മൂന്നാര്‍ എന്നിവിടങ്ങളിലെ ഭൂമി പ്രശ്നം ഇതില്‍ സിപിഎം സിപിഐ പരസ്യ ഏറ്റുമുട്ടല്‍ എന്നിവയും ചര്‍ച്ചയാകും .
സിപിഐ മുന്നണി വിട്ടുപോകുമെന്ന പരാമര്‍ശം മുതിര്‍ന്ന പല നേതാക്കളും നടത്തിയിട്ടുണ്ട്. ഇപ്പോള്‍ അതിനുള്ള സാഹചര്യമില്ലെങ്കിലും സിപിഐ അതിനുള്ള കളമൊരുക്കുകയാണെന്ന വിമര്‍ശനം പാർട്ടിക്കകത്തുണ്ട് . ഇക്കാര്യങ്ങള്‍ ജില്ലാ സമ്മേളനങ്ങളില്‍ എങ്ങനെ ചർച്ചയാകുമെന്നത് ശ്രദ്ധേയമാണ് .
കോണ്‍ഗ്രസുമായുള്ള ബന്ധത്തെ പറ്റി പൊളിറ്റ് ബ്യൂറോ തന്നെ രണ്ടു തട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തിലെ നിലപാടും ചര്‍ച്ച ചെയ്യപ്പെടും . മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗങ്ങളില്‍ പൂര്‍ണ സമയം ഉണ്ടാകും . അതുകൊണ്ടുതന്നെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയും നല്‍കാനാകും. ഫെബ്രുവരി അഞ്ചോടെ ജില്ലാ സമ്മേളനങ്ങള്‍ പൂർത്തിയാക്കും .
