തെരഞ്ഞെടുപ്പ് പ്രചാരണം കത്തിനില്‍ക്കെ ഇക്കഴിഞ്ഞ ആറിനായിരുന്നു എല്‍ഡി എഫിന്‍റെ രാപ്പകല്‍ സമരം പെരുമ്പാവൂരില്‍ തുടങ്ങിയത്. ജിഷയുടെ ഘാതകരെ കണ്ടെത്തണം, കുടുംബത്തിന് നീതി നടപ്പാക്കണം, അന്വേഷണം വനിതാ ഉദ്യോഗസ്ഥക്ക് കൈമാറണം എന്നിങ്ങനെയായിരുന്നു ആവശ്യങ്ങള്‍. പ്രതിയെ കൈയ്യാമം വയ്‌ക്കാതെ സമരം നി‍ര്‍ത്തില്ലെന്ന് ജില്ലയിലെ നേതാക്കള്‍ പരസ്യമായി ശപഥം ചെയ്തിരുന്നു. എന്നാല്‍ ഇടത് പക്ഷം ഭരണത്തിലേറുമ്പോഴും ജിഷയുടെ കൊലയാളിയെ ഉടനെയെങ്ങും പിടികൂടുമെന്ന് ഉറപ്പില്ല. സമരം തുടര്‍ന്നാല്‍ അത് സര്‍ക്കാരിന് നാണക്കേടാകും. അതോടെയാണ് തലയൂരാന്‍ സിപിഎം ശ്രമം തുടങ്ങിയത്. വനിതാ ഐപിഎസ് ഉദ്യോഗസ്ഥ എന്ന ആവശ്യമാണ് ഇപ്പോള്‍ നേതാക്കള്‍ ഉന്നയിക്കുന്നത്

സമരം ഉടനെയെങ്ങും നി‍ര്‍ത്തില്ലെന്നാണ് നേതാക്കള്‍ ആണയിടുന്നത്. അധികം പരിക്കേല്‍ക്കാതെ സമരം അവസാനിപ്പിക്കണമെന്നാണ് മേല്‍ത്തട്ടില്‍ നിന്നുളള നിര്‍‍ദേശം. ഇടതു മന്ത്രിസഭ ചുമതലയേറ്റതിന് തൊട്ടുപിന്നാലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥക്ക അന്വേഷണം കൈമാറാനാണ് ഇപ്പോഴത്തെ തീരുമാനം. പ്രതിയെപ്പിടിക്കാന്‍ പൊലീസിനെക്കൊണ്ട് പറ്റില്ലെന്ന് തോന്നിയാല്‍ സിബിഐക്ക് കൈമാറി മുഖം രക്ഷിക്കുന്നതും ആലോചനയിലാണ്.