തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നില്‍ സിപിഎമ്മെന്ന് ബിജെപി. സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ആക്രമണമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആരോപിച്ചു. സെക്രട്ടേറിയറ്റിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി.
.
ഇന്നലെ രാത്രി 12 മണിയോടെയാണ് ബൈക്കിലെത്തിയ അക്രമിസംഘം തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ നാടന്‍ ബോംബെറിഞ്ഞത്. ഓഫീസിന് മുന്‍വശത്തെ ചില്ല് തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. കോഴിക്കോട്ട് തുടങ്ങുന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയില്‍ പങ്കെടുക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനടക്കമുള്ള നേതാക്കള്‍ യാത്രതിരിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം.
നിഷ്പക്ഷമായ അന്വേഷണത്തിലൂടെ സിപിഎം നിരപരാധിത്വം തെളിയിക്കണമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. ഒ രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സിപിഎം ബിജെപി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഭവമെന്നാണ് പൊലീസ് സംശയിക്കുന്നത്. അക്രമികളുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. അക്രമങ്ങളെ ന്യായീകരിക്കില്ലെന്നും സംഭവത്തിന് ഉത്തരവാദികളായവരെ ഉടന്‍ പിടികൂടണമെന്നും സിപിഎം ആവശ്യപ്പെട്ടു.
