Asianet News MalayalamAsianet News Malayalam

പൂഞ്ഞാര്‍ തോല്‍വി: പരാതി നല്‍കിയ സി.പി.എം നേതാവ്  ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍; നേതാക്കള്‍ അക്രമിച്ചെന്ന് മകന്‍

CPIM leader attacked in kottayam
Author
Kottayam, First Published Jul 28, 2016, 2:02 PM IST

കോട്ടയം: പൂഞ്ഞാര്‍ തെരഞ്ഞെടുപ്പ് തോല്‍വിക്കെതിരെ പാര്‍ട്ടിക്ക്  പരാതി നല്‍കിയ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.എന്‍ നസീര്‍ തലയ്ക്കു ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍  അബോധാവസ്ഥയില്‍. പ്രാദേശിക നേതാക്കള്‍ നസീറിനെ അക്രമിച്ചെന്നാണ് മകന്റെ പരാതി. എന്നാല്‍  നസീറിനെ മര്‍ദിച്ചിട്ടില്ലെന്നും പാര്‍ട്ടി നേതാക്കള്‍ക്കെതിരായ നോട്ടിസ് അടങ്ങിയ സി.ഡി പിടിച്ചെടുക്കാനെത്തിയ പ്രവര്‍ത്തകരെ കണ്ട് ഓടിയ  നസീറിന് വീണാണ് തലയ്ക്കു പരിക്കേല്‍ക്കുകയായിരുന്നുവെന്നും  സി.പി.എം പൂഞ്ഞാര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി കെ.ആര്‍ ശശിധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ കണ്ടാലറിയാവുന്ന എട്ടു പേര്‍ക്കെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു 

ഏരിയാ കമ്മിറ്റി ഓഫിസില്‍ അതിക്രമിച്ചു കടന്നുവെന്ന് ചൂണ്ടിക്കാട്ടി ഈരാറ്റു പേട്ട സ്വദേശി നസീറിനെതിരെ അടുത്തിടെ സി.പി.ഐ.എം നടപടിയെടുത്തിരുന്നു. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും പാര്ട്ടി അംഗത്വത്തില്‍ നിന്നും നീക്കി. 

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നസീര്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് മകനും സി.ഐ.ടി.യു ഏരിയാ കമ്മിറ്റി അംഗവുമായ കെ.എന്‍ ഹുസൈന്‍ പറയുന്നു. അതേ സമയം തെരഞ്ഞെടുപ്പ് തോല്‍വിയില്‍  ജില്ലാ നേതാക്കള്‍ക്കെതിരെ അടക്കം പാര്‍ട്ടിക്ക് നസീര്‍ പരാതി നല്‍കി .നഗരസഭാ ഭരണത്തിലെ ക്രമക്കേടിനെ ചൊല്ലിയുള്ള വാര്‍ത്തയുടെ  പകര്‍പ്പ് സി.ഡി.യിലാക്കാന്‍ എത്തിയപ്പോള്‍ ലോക്കല്‍ കമ്മിറ്റി സെകട്ടറിയും ഡി.വൈ.എഫ് ഐ നേതാവും അടക്കമുള്ളവര്‍ നസീറിനെ അക്രമിച്ചെന്നാണ് ഹുസൈന്‍ പറയുന്നത്. 

തുടക്കത്തിലെ കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടായെന്നാണ് ആരോപണം . അബോധാവസ്ഥയിലുള്ള നസീര്‍ ഇപ്പോള്‍ സര്‍ജിക്കല്‍ ഐ.സി.യുവിലാണ് . വലതു കൈയ്ക്കും കാലിനും ചലനശേഷിയില്ല .

ആയുധം ഉപയോഗിക്കാതെ  ഗുരുതരമായി പരുക്കേല്‍പിച്ചതിനെതിരായ വകുപ്പ് പ്രകാരം കണ്ടാലറിയാവുന്ന എട്ടു പേര്‍ക്കെതിരെ  ഈരാറ്റു പേട്ട പൊലീസ് കേസെടുത്തു .

Follow Us:
Download App:
  • android
  • ios