കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സിപിഐഎം നേതാവ് സക്കീര്‍ ഹുസൈന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. പൊലീസ് സ്റ്റേഷനില്‍ പോയി ഒപ്പിടണം, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല, പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്.

സിപിഐഎം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈന്‍ നേരത്തെ ജാമ്യം തേടി ഹൈക്കോടതിയെ സമര്‍പ്പിച്ചെങ്കിലും, ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സക്കീറിന്റെ ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുത്തായിരുന്നു അന്ന് ജാമ്യാപേക്ഷ തള്ളിയത്. ഇതിന് പിന്നാലെ കുന്നുംപുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 15വരെ സക്കീറിനെ റിമാന്റ് ചെയ്യുകയായിരുന്നു.

യുവ വ്യവസായിയുടെ പരാതിയില്‍ ഒക്ടോബര്‍ 28 നാണ് പാലാരിവട്ടം പൊലീസ് സക്കീറിനെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്.