ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പും ക്രമക്കേടും അന്വേഷിക്കണമെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മെഡിക്കല്‍ കോളേജിന്‍റെ മറവില്‍ നടന്ന നിയമവിരുദ്ധ നടപടികളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെല്ലുവിളിക്കുകയാണ്. സര്‍ക്കാര്‍ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടം സ്വകാര്യ മേഖലയ്ക്ക് നല്‍കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പാര്‍ട്ടി വാര്‍ത്താക്കുറിപ്പിറക്കി.

ഹരിപ്പാട് മെഡിക്കല്‍ കോളേജിന്‍റെ പേരില്‍ നടന്ന ക്രമക്കേടും ചട്ടലംഘനവും അന്വേഷിച്ച് നടപടിയെടുക്കുമെന്ന് നിലപാടെടുത്ത ജില്ലയിലെ മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കിനും പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ. മെഡിക്കല്‍ കോളേജ് വിവാദത്തില്‍ ഇതാദ്യമായാണ് സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി പരസ്യ നിലപാടെടുക്കുന്നത്. 

മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിട നിര്‍മ്മാണത്തിനായി കണ്‍സല്‍ട്ടന്‍സി കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ ആക്ഷേപങ്ങള്‍ക്ക് രമേശ് ചെന്നിത്തല മറുപടി പറയണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. നിര്‍മ്മാണത്തിനായി കണ്‍സല്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ട്. നീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍പ്പറത്തിയാണ് നെല്‍പാടത്ത് അനധികൃത നിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നത്. 

ദുരൂഹവും നിയമവിദ്ധവുമായ കാര്യങ്ങള്‍ അന്വേഷിച്ച് സര്‍ക്കാര്‍ നടപടിയെടുക്കും, ഇതിന് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയുണ്ട്. ഭീഷണിപ്പെടുത്തി പിന്നോട്ടടിപ്പിക്കാന്‍ നോക്കണ്ട. നിലവിലുള്ള മെഡിക്കല്‍ കോളേജിനെ ജനങ്ങള്‍ക്ക് വേണ്ടി വികസിപ്പിച്ചതിന് ശേഷം മാത്രം മതി മറ്റൊരു മെ‍ഡിക്കല്‍ കോളേജ്. രാഷ്ട്രീയ തട്ടിപ്പിനായി പുതിയ മെഡിക്കല്‍ കോളേജ് സമ്പന്നര്‍ക്ക് പണമുണ്ടാക്കാന്‍ രൂപീകരിക്കുന്നതിനെ എതിര്‍ക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.