ദില്ലി: കോണ്‍ഗ്രസ് ചങ്ങാത്തം അനുവദിക്കണമെന്ന സി.പി.എം ബംഗാള്‍ ഘടകത്തിന്റെയും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും നിലപാട് പാര്‍ട്ടി പോളിറ്റ് ബ്യൂറോ തള്ളി. കോണ്‍ഗ്രസുമായോ പ്രാദേശിക ബൂ‍ര്‍ഷ്വാ പാര്‍ട്ടികളുമായോ സഖ്യം വേണ്ടെന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദ്ദേശത്തിനൊപ്പമാണ് പോളിറ്റ് ബ്യൂറോ. പി.ബി തീരുമാനവും സീതാറാം യെച്ചൂരിയുടെ എതിരഭിപ്രായവും പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിക്കും. ജനറല്‍ സെക്രട്ടറിയുടെ രാഷ്‌ട്രീയ സമീപനം തള്ളുന്നത് സി.പി.എമ്മില്‍ അപൂര്‍വ്വമാണ്. 

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇടതുപാര്‍ട്ടികളുടെ സഖ്യം ശക്തിപ്പെടുത്തണമെന്നും ഇടതു ജനാധിപത്യ മുന്നണി മതിയെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ 2004നു സമാനമായി ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കാനുള്ള നിലപാട് വേണമെന്നായിരുന്നു സീതാറാം യെച്ചൂരിയും ബംഗാള്‍ ഘടകവും ആവശ്യപ്പെട്ടിരുന്നത്. ബി.ജെ.പിയെന്ന ഒറ്റ ശത്രുവില്‍ ഊന്നിയുള്ള നയത്തിന് പാര്‍ട്ടി രൂപം നല്കണമെന്നായിരുന്നു ഇവരുടെ നിര്‍ദ്ദേശം. എന്നാല്‍ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലെ നയത്തില്‍ നിന്ന് മാറേണ്ട ആവശ്യം ഇല്ലെന്നായിരുന്നു പി.ബിയിലെ പ്രബല വിഭാഗം വാദിച്ചത്. കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കും ഇതേ അഭിപ്രായമായിരുന്നു. തുടര്‍ന്ന് ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ സമീപനവും പോളിറ്റ് ബ്യൂറോ തള്ളി.