കാസര്‍ഗോഡ്: ബേഡകത്തെ സി പി ഐ എം വിമതര്‍ ഇന്ന് സിപിഐയില്‍ ചേരും. കുറ്റിക്കോലില്‍ സി.പി.ഐ സംഘടിപ്പിക്കുന്ന സി അച്ചുതമേനോൻ അനുസമരണ പരിപാടിയില്‍ വച്ചാണ് സി.പി.ഐ എം വിമതര്‍ കൂട്ടത്തോടെ സി പി ഐയില്‍ അംഗത്വമെടുക്കുന്നത്.

സി.പി.ഐ എം ബേഡകം മുൻ ഏരിയാ സെക്രട്ടറിയും കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.ഗോപാൻമാസ്റ്ററുടെ നേതൃത്വത്തിലാണ് നൂറോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേരുന്നത് .ഏറെക്കാലമായി പുകഞ്ഞുകൊണ്ടിരിക്കുന്ന വിഭാഗീയതക്കൊടുവിലാണ് ബേഡകത്തെ സി.പി.ഐ എം വിമതര്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ച് സി.പി.ഐലേക്ക് പോകുന്നത്.

വിമതരെ അനുനയിപ്പിക്കാൻ ഇന്നലെ രാത്രിവരെ സി.പി.ഐ എം ജില്ലാ നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും അവര്‍ വഴങ്ങിയില്ല.സംഘടനാ തെരെഞ്ഞെടുപ്പിനിടെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് കണ്ടെത്തിയ സി.ബാലനെ ബേഡകം ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് വിമതര്‍ മുന്നോട്ട് വച്ചത്.ഇത് അംഗീകരിക്കാത്ത ജില്ലാ നേതൃത്വം ബേഡകത്തെ പരാതികളന്വേഷിക്കാൻ ജില്ലാ തലത്തിലുള്ള നേതാക്കളെ ചുമതലപെടുത്താമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നുമുള്ള ഉറപ്പാണ് വിമതര്‍ക്ക് നല്‍കിയത്.

നേരത്തെ പല തലത്തില്‍ ചര്‍ച്ചചെയ്യുകയും ഒത്തുതീര്‍പ്പുകളുണ്ടാക്കുകയും ചെയ്തശേഷവും അതൊന്നും പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ ഇനി കാത്തിരിക്കാനാവില്ലെന്ന ഉറച്ച തീരുമാനമെടുത്ത് വിമതര്‍ ജില്ലാ നേതൃത്വത്തിന്‍റെ ഒത്തുതീര്‍പ്പ് തള്ളുകയായിരുന്നു.

വൈകിട്ട് മൂന്നുമണിക്ക് കുറ്റിക്കോലില്‍ നടക്കുന്ന സി.അച്ചുചമേനോൻ അനുസ്മരണ പരിപാടിയില്‍ വച്ചാണ് ഇവര്‍ സി.പി.ഐയില്‍ അംഗത്വമെടുക്കുന്നത്. സി.പി.ഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി സത്യൻ മൊകേരി സമ്മേളനത്തില്‍ പങ്കെടുക്കും.