എറണാകുളം ജില്ലയിലെ പറവൂര്‍, ഉദയംപേരൂര്‍, എളങ്കുന്നപ്പുഴ, പള്ളുരുത്തി, മുളന്തുരുത്തി, എടയ്‌ക്കാട്ടുവയല്‍, ആമ്പല്ലൂര്‍ എന്നിവിടങ്ങളില്‍ സിപിഎമ്മില്‍ ഏറെ നാളായി വിമതശല്യം രൂക്ഷമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വിമതപക്ഷത്തെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരുമെന്നായിരുന്നു ധാരണ. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സഹായിച്ചിട്ടും വിമതരെ തിരികെ എടുക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷത്തിനൊപ്പം തന്നെ നിലനില്‍ക്കുക എന്ന ലക്ഷ്യത്തോടെ സിപിഐയില്‍ ചേരാന്‍ വിമതര്‍ തീരുമാനിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിപിഎമ്മിലും വര്‍ഗ ബഹുജന സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്ന 2000ത്തോളം പ്രവര്‍ത്തകരാണ് പാര്‍ട്ടി വിടുന്നതെന്നാണ് സൂചന. ഉദയംപേരൂര്‍ നടക്കാവില്‍ ചേരുന്ന സമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനില്‍ നിന്ന് ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കും. അതേസമയം ഉദയംപേരുരിലും എളങ്കുന്നപ്പുഴയിലും പാര്‍ട്ടി പുറത്താക്കിയ ചിലരാണ് രണ്ടായിരത്തോളം പേര്‍ സിപിഎം വിടുന്നതെന്ന് പ്രചരിപ്പിക്കുന്നതെന്ന് സിപിഐഎം ജില്ലാ നേതൃത്വം വിശദീകരിച്ചു. ഇത് വാസ്തവ വിരുദ്ധമാണ്. ഈ മേഖലയിലെ സംഘടിത തൊഴിലാളികളുടെ നേതൃത്വം സിപിഎമ്മിനാണെന്നും ജില്ലാ നേതൃത്വം അറിയിച്ചു.