തിരുവനന്തപുരം: സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും മന്ത്രിമാര്‍ പ്രതീക്ഷക്കൊത്തുയരുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനം. വിവാദങ്ങള്‍ സര്‍ക്കാരിന്‍റെ പ്രതിഛായക്ക് ദോഷമാകുന്നുവെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. തെറ്റുണ്ടെങ്കില്‍ തിരുത്തി മുന്നോട്ട് പോകുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാരിന്‍റെ പ്രവര്‍ത്തനംപൊതുവെ തൃപ്തികരമാണെങ്കിലും ഇനിയും നല്ല രീതിയില്‍ മെച്ചപ്പെടാനുണ്ടെന്നും പ്രകടന പത്രികയിലെ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കാന്‍ പാകത്തിലുള്ള കുതിപ്പ് വേണമെന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ സര്‍ക്കാരിനെ വിലയിരുത്തി റിപ്പോര്‍ട്ടവതരിപ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയിലാണ് സെക്രട്ടേറിയറ്റംഗങ്ങള്‍ മുഖ്യമന്ത്രിയുടെയും സീതാറാം യെച്ചൂരിയടെയും സാന്നിധ്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്.

മന്ത്രിമാരില്‍ പലരും പ്രതീക്ഷക്കൊത്തുയരുന്നില്ല. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ശ്രമമില്ല. വിലക്കയറ്റം പിടിച്ചു നിര്‍ത്താനായില്ല.വിവാദങ്ങള്‍ തുടര്‍ച്ചയായുണ്ടാകുന്നു, എന്നിങ്ങലനെ പോയി വിമര്‍ശനങ്ങള്‍.ഉന്നത പോലീസുദ്യോഗസ്ഥര്‍ വിവാദങ്ങള്‍ക്ക് പിന്നാലെയാണ്. 

വിവാദങ്ങള്‍ സര്‍ക്കാരിനെ ബാധിച്ചു. പലകേസുകളിലും പോലീസ് നിഷ്ക്രിയമായിരുന്നു. തെറ്റുകളെല്ലാം തിരുത്തി മുന്നോട്ട് പോകുന്നതാണ് സിപിഎം ശൈലിയെന്ന് സീതാറാം യച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

ഇപി ജയരാജനെതിരായ ബന്ധുനിയമന വിവാദ വിഷയം അടുത്ത കേന്ദ്രകമ്മിറ്റി യോഗം ചര്‍ച്ച ചെയ്യുമെന്നും തീരുമാനം മാധ്യമങ്ങളെ വിളിച്ചറിയിക്കുമെന്നും സിതാറാം യച്ചൂരി പറഞ്ഞു.