തി​രു​വ​ന​ന്ത​പു​രം: വിവാദ പ്രസ്താവനയുടെ പേരിൽ മന്ത്രി എം.എം മണിക്ക് സിപിമ്മിന്‍റെ പരസ്യ ശാസന. മണിയുടെ പ്രസ്താവന മൂന്നാറിന്‍റെ ഗതി തിരിച്ചെന്നും ജനവികാരം പാർട്ടിക്കെതിരാക്കിയെന്നും സംസ്ഥാന സമിതിയിൽ കോടിയേരി പറഞ്ഞു. ഇത് രണ്ടാം തവണയാണ് വിവാദ പരാമർശത്തിൽ മണി പാർട്ടി അച്ചടക്ക നടപടി നേരിടുന്നത്.

മൂന്നാർ വിഷയത്തിൽ എം.എം മണിനടത്തിയ പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമർശനമായിരുന്നു ഇന്നലെ നടന്ന സെക്രട്ടറിയേറ്റിൽ ഉണ്ടായിരുന്നത്.തുടർന്ന് മണിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സംസ്ഥാന സമിതിയിലെ ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനെമടുക്കാനായിരുന്നു ധാരണ.

ഇന്ന് ചേർന്ന സംസ്ഥാന സമിതിയിൽ കേന്ദ്ര ക്മമിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ നടപടി റിപ്പോർട്ട് ചെയ്തത്. പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിക്കുന്ന പ്രസ്താവന മണിയുടെ ഭാഗത്ത് നിന്ന് തുടർച്ചയായി ഉണ്ടാവുകയാണ്. മൂന്നാര്‍ ഒഴിപ്പിക്കലിന്‍റെ ഗതി തന്നെ മണിയുടെ പ്രസ്താവനയിലൂടെ മാറിമറിഞ്ഞെന്നും ജനവികാരം പാർട്ടിക്കെതിരായക്കിയെന്നും ഇക്കാരണത്താലാണ് മണിയെ പരസ്യമായി ശാസിക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചതായും കോടിയേരി അറിയിച്ചു. 

സംസ്ഥാന സമിതി അംഗങ്ങൾ തീരുമാനം കൈപൊക്കി അംഗീകരിച്ചു. ഇത് രണ്ടാം തവണയാണ് എം.എം മണി സിപിഎം അച്ചടക്ക നടപടിക്ക് വിധേയനാകുന്നത്. നേരത്തെ മണക്കാട് പൊതുയോഗത്തിലെ വൺ,ടു.ത്രീ കൊലപാതക പ്രസംഗത്തിന്‍റെ പേരൽ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കിയിരുന്നു.

പാർ‍ട്ടി പരസ്യമായി ശാസിക്കാനുള്ള നടപടി സ്വീകരിക്കുമ്പോൾ സർക്കാറിന്‍റെ ഒരു പരിപാടിയിൽ ഹരിഹരന്‍റെ സംഗീത വിരുന്ന് ആസ്വദിക്കുകയായിരുന്നു എം.എം.മണി. രണ്ട് ദിവസമായി നടക്കുന്ന സംസഥാന സമിതിയിൽ മൂന്നാർ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് വിഷയം വിശദമായി ചർ‍ച്ചചെയ്യും. 

റവന്യു വകുപ്പ് ഏകപക്ഷീയമായ നടപടിയാണ് മൂന്നാർ ഒഴിപ്പിക്കലിൽ നടത്തിയതെന്ന് കോടിയേരി വെച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒരുമിച്ച് ചെയ്യേണ്ട വിഷയങ്ങളിൽ പോലും അലോചനയില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.