തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടാക്കടയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിനെതിരെ ആക്രമണം. ബൈക്കിൽ പോകുന്നതിനിടെ അടിച്ച് വീഴ്ത്തി ആക്രമിക്കുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. എസ്ഡിപിഐ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.
കാട്ടാക്കട ബസ് സ്റ്റാന്റിന് സമീപം രാവിലെ ആറരയോടെയാണ് സംഭവം. ബൈക്കിൽ പോകുകയായിരുന്ന സിപിഎം തൂങ്ങാംപാറ ബ്രാഞ്ച് കമ്മിറ്റി അംഗവും ദേശാഭിമാനി ഏജന്റുമായ കുമാറിന് പിന്നാലെ എത്തിയ രണ്ടംഗ സംഘം ബൈക്കിൽ നിന്ന് കുമാറിനെ അടിച്ച് വീഴ്ത്തിയശേഷം വെട്ടുകയായിരുന്നു.വീണിടത്തുനിന്ന് എണീറ്റ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പു ദണ്ഡ് ഓങ്ങി അക്രമി സംഘം പിന്നാലെ ഓടി അടിച്ച് പരിക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ബൈക്കിന് നെരെയും ആക്രമണം നടന്നു. ആളുകൂടിയപ്പോൾ ഓടി രക്ഷപ്പെടുകയും ചെയ്തു. പരിക്കേറ്റ കുമാര്‍ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
രണ്ട് ദിവസമായി തലസ്ഥാന ജില്ലയിലെ വിവിധ മേഖലകളിൽ സിപിഎം എസ്ഡിപിഐ സംഘര്‍ഷം നിലവിലുണ്ട്. ഇതിന്റെ തുടര്‍ച്ചയാണിതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ കുറിച്ച് കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം തടുങ്ങി. അതേ സമയം അക്രമ സംഭവവുമായി ഒരു പങ്കുമില്ലെന്ന് എസ്ഡിപിഐ ജില്ലാ നേതൃത്വം വിശദീകരിച്ചു.
