ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര പാലത്തിന് സമീപം ബൈക്കില്‍ വരികയായിരുന്ന ശശികുമാറിനെ ഏഴംഗ സംഘം അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശികുമാര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ ഏഴ് ബി ജെ പി പ്രവര്‍ത്തകരെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ പ്രതി ഏങ്ങണ്ടിയൂര്‍ സ്വദേശി ബിനീഷ് ഉള്‍പ്പടെയുള്ളവരെയാണ് പൊലീസ് പിടികൂടിയിരുന്നത്. തീരമേഖലയില്‍ ബി ജെ പി ആസൂത്രിതമായി ആക്രമണം അഴിച്ചുവിടുകയാണെന്നാണ് സി പി ഐ എമ്മിന്റെ ആരോപണം.

മരിച്ച ശശികുമാറിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം ജന്മനാടായ ഏങ്ങണ്ടിയൂരില്‍ വൈകിട്ട് സംസ്‌കരിക്കും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം തീരദേശമേഖലയില്‍ ബി ജെ പി - സി പി ഐ എം സംഘര്‍ഷം വ്യാപകമായിരുന്നു. കൊടുങ്ങല്ലൂരില്‍ ബി ജെ പി പ്രവര്‍ത്തകന്‍ പ്രമോദ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.