തിരുവനന്തപുരം: കോഴിവില കുറയ്ക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ വ്യാപാരികൾ രംഗത്തെത്തി. ധനമന്ത്രി തോമസ് ഐസകിന്‍റെ വാദം അംഗീകരിക്കാനാവില്ലെന്നും കൂടിയ വിലയ്ക്ക് വിൽക്കുന്നതിനെതിരെ നടപടിയെടുത്താൽ കടകളടച്ച് സമരം നടത്തുമെന്ന മുന്നറിയിപ്പുമായി സിപിഎം അനുകൂല സംഘടനയായ പോൾട്രി ഫാമേഴ്സ് ആന്‍റ് ട്രേഡേഴ്സ് സമിതി രംഗത്തെത്തി.

ജിഎസ്ടി വന്നതോടെ പതിനാലര ശതമാനം നികുതി കുറഞ്ഞിട്ടും സംസ്ഥാനത്തെ കോഴിവില മുകളിലേക്കാണ്.147 രൂപയാണ് ഒരു കിലോ കോഴിക്ക് ഇപ്പോഴുള്ള വില. പതിനഞ്ച് രൂപ കുറയുമെന്ന് കരുതിയെങ്കിൽ പത്ത് രൂപ കൂടുകയാണ് ചെയ്തത്.ഇതിനെത്തുടർന്നാണ് തിങ്കളാഴ്ച മുതൽ 87 രൂപയ്ക്ക് കോഴി വിൽക്കണമെന്ന‍് ധനമന്ത്രി തോമസ് ഐസക് അറിയിച്ചത്. എന്നാൽ കോഴി ലഭ്യത കുറഞ്ഞതിനാലാണ് വില കൂടിയതെന്നും വില കുറച്ച് വിൽക്കില്ലെന്നുമാണ് വ്യാപാരികളുടെ നിലപാട്.

ഞായറാഴ്ച വരെ ഇപ്പോഴത്തെ വിലയ്ക്ക് വിറ്റ് നിലവിലെ സ്റ്റോക്ക് തീർക്കാനാണ് തീരുമാനം. ഞായറാഴ്ച തൃശൂരിൽ ചേരുന്ന യോഗത്തിൽ സർക്കാർ തീരുമാനത്തിനെതിരെ സമരമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. തമിഴ്നാട്ടിൽ നിന്ന് കോഴി എത്തിക്കുന്നത് നിർത്തിവച്ച് കടകളടച്ച് സമരം ചെയ്യാനാണ് ആലോചന.