Asianet News MalayalamAsianet News Malayalam

ലോക്സഭാ തെരഞ്ഞെടുപ്പ്: വിവിധ സംസ്ഥാനങ്ങളില്‍ കോൺഗ്രസുമായി സഖ്യത്തിനൊരുങ്ങി സിപിഎം

പശ്ചിമബംഗാളിൽ അടവുനയത്തിനാവും സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാർ, യുപി, സംസ്ഥാനങ്ങളിൽ സഖ്യത്തിന് ധാരണയായെന്നും സൂചനയുണ്ട് .

cpm all set to join hands with congress for upcoming assembly election
Author
New Delhi, First Published Dec 29, 2018, 10:02 AM IST

ദില്ലി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളിലും കോൺഗ്രസുമായി സഹകരക്കാന്‍ സിപിഎം തയ്യാറെടുക്കുന്നു. അഞ്ചു സംസ്ഥാനങ്ങളിലെങ്കിലും കോൺഗ്രസ് സഹകരണം ഉണ്ടാകുമെന്നാണ് സൂചന. പശ്ചിമബംഗാളിൽ കോൺഗ്രസുമായി അടവുനയത്തിനും പാർട്ടി ശ്രമിക്കും.

ബിജെപി സഖ്യത്തെ പരാജയപ്പെടുത്തുക. സിപിഎമ്മിൻറെയും ഇടതുപക്ഷത്തിൻറെയും സീറ്റുകൾ കൂട്ടുക, ബദൽ മതേതര സർക്കാരിന് ശ്രമിക്കുക. ഈ മൂന്ന് നിർദ്ദേശങ്ങളാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നയമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്. കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ല എന്നാണ് പാർട്ടി കോൺഗ്രസ് നയം. എന്നാൽ ഫലത്തിൽ പ്രാദേശിക സഖ്യങ്ങൾ രാഷ്ട്രീയ സഖ്യമായി മാറും. തമിഴ്നാട്ടിൽ കോൺഗ്രസ് കൂടി ഉൾപ്പെട്ട ഡിഎംകെ സഖ്യത്തിൽ സിപിഎം മത്സരിക്കും.

മഹാരാഷ്ട്രയിൽ കോൺഗ്രസ് എൻസിപി സഖ്യവുമായി സഹകരിക്കാനാണ് ധാരണ. ബീഹാറിൽ ആർജിഡി കോൺഗ്രസ് വിശാല സഖ്യത്തിൻറെ ഭാഗമാകും. ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തോട് സിപിഎം ഒരു സീറ്റ് ആവശ്യപ്പെട്ടു. കോൺഗ്രസ് വന്നാലും ഈ സഖ്യത്തിനൊപ്പം നില്ക്കും. പശ്ചിമബംഗാളിൽ തൃണമൂലുമായി സഹകരിക്കേണ്ടതില്ല എന്ന കോൺഗ്രസ് തീരുമാനം സിപിഎമ്മിന് ആശ്വാസമായി.

നിലവിൽ ബംഗാളിൽ 24 പർഗാനാസ് എന്ന മേഖലയിൽ മാത്രം ഒതുങ്ങുന്ന പാർട്ടിയായി സിപിഎം മാറി എന്ന് നേതാക്കളും സമ്മതിക്കുന്നുണ്ട്. ബംഗാളിൽ നിന്ന് രണ്ടോ മൂന്നോ സീറ്റെങ്കിലും നേടാൻ കോൺഗ്രസുമായി അടവുനയം അനിവാര്യമെന്നാണ് സംസ്ഥാനനേതാക്കൾ നല്കുന്ന സൂചന. പാർട്ടി കോൺഗ്രസ് നയം ലംഘിക്കാൻ മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ് സഹകരണം ബംഗാൾ ഘടകം ആയുധമാക്കിയേക്കും. 

Follow Us:
Download App:
  • android
  • ios