തിരുവനന്തപുരം: വട്ടിയൂര്‍കാവ് നിയമസഭാ മണ്ഡലത്തിലെ തോല്‍വിയില്‍ സി പി എം നടപടിക്ക്. നാല് മുതിര്‍ന്ന നേതാക്കളോട് വിശദീകരണം തേടാന്‍ ഇന്ന് ചേര്‍ന്ന സി പി എം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. തോല്‍വിയെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കെ ജെ തോമസ് സമിതി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. എം വിജയകുമാര്‍, പിരപ്പിന്‍കോട് മുരളി, ബി എസ് രാജീവ് എന്നിവരോടാണ് വിശദീകരണം ചോദിക്കുക. മുന്‍ മേയര്‍ കെ ചന്ദ്രികക്കെതിരെ യോഗത്തില്‍ പേരെടുത്ത് വിമര്‍ശനവും ഉണ്ടായി. സംഘടനാ തലത്തില്‍ വന്‍ പാളിച്ച പറ്റിയെന്നാണ് വിമര്‍ശനം. നേതാക്കള്‍ക്കിടയിലെ വിഭാഗീയത തോല്‍വിയുടെ ആക്കം കൂട്ടിയെന്നും വിമര്‍ശനമുയര്‍ന്നു. പൂഞ്ഞാര്‍ മണ്ഡലത്തിലെ തോല്‍വിക്കെതിരെയും സംഘടനാതലത്തില്‍ നടപടിയെടുക്കാനാണ് സി പി എം തീരുമാനം.