തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. സംസ്ഥാന അധ്യക്ഷന്റേതടക്കം ഓഫീസിലെ വാഹനങ്ങള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് പൊലീസ് കാവലുണ്ടായിരുന്ന ബിജെപി ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായത്.

മണക്കാട് ബിജെപി, സിപിഎം സംഘര്‍ഷത്തോടെയാണ് ആക്രമണ പരമ്പരയ്‌ക്ക് തുടക്കമായത്. ബിജെപി കൊടിമരം തകര്‍ക്കപ്പെട്ട ഇവിടെ ഒരു ബിജെപി നേതാവിന് വെട്ടേറ്റു. പിന്നാലെ സിപിഎം നേതാക്കളുടെ വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായി.

ഇന്നലെ വൈകിട്ടു മുതലാണ് തലസ്ഥാനത്തു സംഘര്‍ഷം രൂക്ഷമായത്. സിപിഎം ബിജെപി കൗണ്‍സിലര്‍മാരുടെ വീടുകള്‍ക്കു നേരെ ഉണ്ടായ ആക്രമണത്തിന്റെ തുടര്‍ച്ച ആയാണ് ബിജെപി ഓഫീസ് ആക്രമണം. പുലര്‍ച്ചെ ഒന്നര യോടെ ആയിരുന്നു സംഭവം. സിപിഎം കൗണ്‍സിലര്‍ ഐ പി ബിനുവിന്റെ നേതൃത്വത്തില്‍ ആയിരുന്നു ആക്രമണം.

ആ സമയത്തു കുമ്മനം ഓഫിസില്‍ ഉണ്ടായിരുന്നു. ഓഫീസിന് മുന്നില്‍ കാവല്‍ നിന്നിരുന്ന പോലീസുകാരെയും കയ്യേറ്റം ചെയ്തു. കുമ്മനത്തിന്റെ അടക്കം ആറു വാഹങ്ങള്‍ക്കു കേടുവന്നു. കുമ്മനത്തെ ലക്ഷ്യം വെച്ചുള്ള നീക്കം ആണെന്ന് ബിജെപി കുറ്റപ്പെടുത്തി.

പിന്നാലെ പുലര്‍ച്ചെ രണ്ടു മണിയോടെ ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിനു നേരെയും ആക്രമണം ഉണ്ടായി. ജനാലകളും കാറിന്റെ ചില്ലും തകര്‍ന്നു. ഈ സമയം കോടിയേരി വീട്ടില്‍ ഉണ്ടായിരുന്നില്ല. രാവിലെ വീട്ടില്‍ എത്തിയ കോടിയേരി ബിജെപി ആസൂത്രിതമായി സംഘര്‍ഷം ഉണ്ടാക്കി എന്ന് ആരോപിച്ചു 

ഇന്നലെ വൈകിട്ടു തുടങ്ങിയ സംഘര്ഷത്തില് സിപിഎംന്റെയും ബിജെപിയുടെയും നിരവധി കൗണ്‍സിലര്‍മാരുടെ വീടുകള്‍ക്കു നേരെ ആക്രമണം ഉണ്ടായി. സിപിഎം ചാല ഏരിയ സെക്രട്ടറിക്കും ബിജെപി ഏരിയ സെക്രട്ടറി സുനിലിനും വെട്ടേറ്റു. തലസ്ഥാനത്തു പോലീസ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.