ദില്ലി: ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനങ്ങളിലേക്ക് പരസ്പരം മാര്‍ച്ച് നടത്തി സിപിഎമ്മിന്റേയും ബിജെപിയുടേയും പ്രതിഷേധ പ്രകടനം. വ്യാജപ്രചാരണങ്ങള്‍ നടത്തി സിപിഎമ്മിനെ തകര്‍ക്കാനാകില്ലെന്ന് ജനല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എകെജി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.

ജനരക്ഷ യാത്രയ്ക്ക് ഐകദാര്‍ഡ്യം പ്രഖ്യാപിച്ച് ബിജെപി പ്രവര്‍ത്തകര്‍ സിപിഎം ആസ്ഥാനമായ എ കെ ജി ഭവനിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധം സംഘടിപ്പിച്ച് സിപിഎമ്മിന്റെ മറുപടി. വി പി ഹൗസില്‍ നിന്ന് തുടങ്ങിയ സിപിഎം മാര്‍ച്ച് ബിജെപി ആസ്ഥാനത്തിന് 100 മീറ്റര്‍ അകലെ പൊലീസ് തടഞ്ഞു. പ്രതിഷേധത്തില്‍ പങ്കെടുത്ത 500ഓളം പേരിലധികവും വനിത പ്രവര്‍ത്തകരായിരുന്നു‍. ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തിനും സിപിഎമ്മിനെതിരായ പ്രാചാരണങ്ങള്‍ക്കും എതിരായ രാജ്യവ്യാപക പ്രതിഷേധം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ദില്ലിയില്‍ എകെജി ഭവനിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മാര്‍ച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ഉദ്ഘാടനം ചെയ്തു. വിദേശകാര്യ സഹമന്ത്രി വി കെ സിങ്ങും ഉദ്ഘാടനത്തില്‍ പങ്കെടുത്തെങ്കിലും ഇരുവരും മാര്‍ച്ചില്‍ അണിനിരന്നില്ല. ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ച ബിജെപി പ്രവര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. ഹൈദരാബാദിലെ ജനരക്ഷാ യാത്രയില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയെ അടക്കമുള്ള ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.