തിരുവനന്തപുരം: ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇന്ന് തുടങ്ങും. മുന്‍കാലങ്ങളിലെ പോലെ വ്യക്ത്യാധിഷ്ഠിത വിഭാഗീയതയില്ലാത്ത സമ്മേളനകാലത്തേക്കാണ് സിപിഎം കടക്കുന്നത്. മന്ത്രിമാരുടെയും സര്‍ക്കാരിന്റെയും വിലയിരുത്തല്‍ മുതല്‍ കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട സമീപനം വരെയുള്ള വിഷയങ്ങളായിരിക്കും സമ്മേളനങ്ങളില്‍ പ്രധാന ചര്‍ച്ചയാകുക.

ഇന്നുമുതല്‍ അടുത്ത മാസം 15 വരെ 31700 ബ്രാഞ്ച്‌ സമ്മേളനങ്ങളാണ് സംസ്ഥാനത്ത് നടക്കുക. 4,64000 പാര്‍ട്ടിയംഗങ്ങള്‍ ഈ സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നാണ് സിപിഎം കണക്ക്. 2093 ലോക്കല്‍ സമ്മേളനങ്ങളും 206 ഏരിയാസമ്മേളനങ്ങളും അടുത്ത ഓരോ മാസങ്ങളിലായി ചേരും. ഡിസംബര്‍ 26ന് തുടങ്ങി ജനുവരി 21ന് അവസാനിക്കുന്ന രീതിയിലാണ് ജില്ലാസമ്മേളനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 22 മുതല്‍ 25വരെ തൃശൂരിലാണ് സംസ്ഥാനസമ്മേളനം. ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയി വാര്‍ത്തകളുടെ കുത്തൊഴുക്ക് സൃഷ്ടിച്ച വിഎസ് അച്ചുതാനന്ദനും അദ്ദേഹത്തെ അനുകൂലിച്ചിരുനനവരും ഇന്ന് സിപിഎമ്മില്‍ തീരെ ദുര്‍ബലരാണെന്നതാണ് ഏറ്റവും പ്രധാനം. ലാവലിന്‍ കേസിലെ ഹൈക്കോടതി വിധിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വശക്തനായി നില്‍ക്കുന്നു. ഏരിയാസമ്മേളനങ്ങള്‍ മുതല്‍ സര്‍ക്കാരിനെതിരെയും മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളും ഇഴകീറിയുള്ള ചര്‍ച്ചകളാകും. പല മന്ത്രിമാര്‍ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളുണ്ടാകിനിടയുണ്ട്. സംസ്ഥാന സമ്മേളനത്തെ ശ്രദ്ധേയമാക്കുന്നതും ഈ ചര്‍ച്ചകളായിരിക്കും. ബി ജെ പിയേയും കോണ്‍ഗ്രസിനെയും ഒരുപോലെ എതിര്‍ക്കുകയെന്ന പാര്‍ട്ടിനയത്തില്‍ സി പി എം എന്ത് മാറ്റമാണ് വരുത്താന്‍ പോകുന്നതെന്നും ഈ സമ്മേളനകാലത്ത് വ്യക്തമാകും.