ദില്ലി: മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷപ്രകടനത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. മുഖ്യമന്ത്രിയുടെ പെരുമാറ്റം അനാവശ്യമായിരുന്നു എന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ളവരുടെ നിലപാട്. ഗവര്‍ണ്ണറുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച കൈകാര്യം ചെയ്ത വിഷയത്തിലും കേന്ദ്ര നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്.
മുഖ്യമന്ത്രിയുടെ ഈ രോഷപ്രകടനം ഒഴിവാക്കാമായിരുന്നു എന്ന നിലപാടാണ് സിപിഎം കേന്ദ്ര നേതാക്കള്‍ക്കുള്ളത്. പാര്‍ട്ടിക്ക് ഗുണകരമായ അന്തരീക്ഷം അടുത്തകാലത്ത് സംസ്ഥാനത്തുണ്ടായിരുന്നു. ഇത് കളയുന്ന സമീപനം ശരിയല്ലെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ളവരുടെ അഭിപ്രായം എന്നാണ് സൂചന.
പാര്‍ട്ടി തെറ്റുതിരുത്തല്‍ രേഖയിലുള്‍പ്പടെ നേതാക്കള്‍ക്ക് ധാര്‍ഷ്ട്യം പാടില്ലെന്ന നിര്‍ദ്ദേശമുണ്ടെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണ്ണറുമായുള്ള കൂടിക്കാഴ്ച സംസ്ഥാനത്ത് കൈകാര്യം ചെയ്ത രീതിയിലും സംസ്ഥാനത്ത് എതിരഭിപ്രായമുണ്ട്. സര്‍വ്വകക്ഷിയോഗം വിളിച്ച് സംസ്ഥാനത്തെ അക്രമസംഭവങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള നിര്‍ദ്ദേശം കേന്ദ്ര നേതൃത്വവും നല്കിയിരുന്നു.
എന്നാല്‍ പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ തീരുമാനമെന്ന് വരുന്നതിനു പകരം ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം എന്ന പ്രതീതിയാണുണ്ടായത്. ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി എന്ന പ്രചരണം അപ്പോള്‍ തന്നെ ചെറുക്കണമായിരുന്നു എന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. എന്നാല്‍ ഇക്കാര്യം സംസ്ഥാനനേതാക്കളുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും ആവശ്യമെങ്കില്‍ അതുണ്ടാകുമെന്നും കേന്ദ്ര നേതാക്കള്‍ പറഞ്ഞു.
