ദില്ലി: ബിനോയ് കോടിയേരിക്കെതിരായ കോടികളുടെ ബാങ്ക് തട്ടിപ്പ് ആരോപണം കൂടുതൽ സിപിഎം ഘടകങ്ങളിൽ ചർച്ചയാക്കുന്നു. കേന്ദ്രകമ്മിറ്റിയിൽ വിഷയം ഉന്നയിക്കാനാണ് ഒരു പക്ഷത്തിൻറെ നീക്കം. സംസ്ഥാന സമ്മേളനത്തിന് മുമ്പായി പ്രശ്നം പരിഹരിക്കാനുള്ള നീക്കമാണ് ഇപ്പോല്‍ നടക്കുന്നത്.
ബിനോയ് കോടിയേരിക്കെതിരായ പരാതി പശ്ചിമബംഗാൾ ഘടകത്തിൽ ചില സംസ്ഥാനകമ്മിറ്റി അംഗങ്ങൾ തന്നെ നേരത്തേ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ആന്ധ്ര, തെലങ്കാന ഘടകങ്ങളിലെ ഒരു വിഭാഗമാണ് ഈ വിഷയം പാർട്ടിക്കുള്ളിൽ ഉന്നയിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു എന്ന് സംസ്ഥാന സമ്മേളനത്തിനുള്ളിലെ ചർച്ചയിലും പ്രതിനിധികൾ പറഞ്ഞു.
സംഘടനാ റിപ്പോർട്ട് ചർച്ച ചെയ്യാനുള്ള കേന്ദ്ര കമ്മിറ്റി യോഗം അടുത്ത മാസം ചേരുന്നുണ്ട്. കേരള ഘടകത്തിനെതിരെ ഇത് ആയുധമാക്കാനുള്ള ആലോചന യെച്ചൂരി പക്ഷത്ത് സജീവമായുണ്ട്. ആരോപണം ഉയർന്ന ഉടൻ സംസ്ഥാന ഘടകം പുറത്തിറക്കിയ പ്രസ്താവന വസ്തുതകൾ പരിശോധിക്കാതെയാണെന്നാണ് പരാതി.
കേസിൻറെ വിശദാംശം ഉൾപ്പടെ പുറത്തുവന്നത് പിന്നീട് പാർട്ടിക്ക് നാണക്കേടായെന്ന് ഇവർ വാദിക്കുന്നു. ഇതിനിടെ ദുബായിൽ കേസൊതുക്കാൻ തിരക്കിട്ട നീക്കം തുടരുകയാണ്. സിപിഎം സംസ്ഥാനസമ്മേളനം അടുത്തയാഴ്ച തുടങ്ങുന്നതിന് മുമ്പ് തന്നെ പരാതി നല്‍കിയവർ പ്രശ്നം പരിഹരിച്ചതായുള്ള വാർത്താക്കുറിപ്പ് ഇറക്കുമെന്നാണ് സൂചന.
