Asianet News MalayalamAsianet News Malayalam

സാമ്പത്തിക സംവരണ ബില്ലിൽ നിലപാട് മാറ്റി സിപിഎം; മോദിയുടേത് രാഷ്ട്രീയതന്ത്രം; സംവരണപരിധി അശാസ്ത്രീയം

സാമ്പത്തികസംവരണത്തെ പിന്തുണയ്ക്കുന്നുവെന്നതാണ് സിപിഎം പാർട്ടി കോൺഗ്രസിന്‍റെ പ്രഖ്യാപിതനിലപാട്. ആ നിലപാടിൽ സിപിഎം പിബി ഉറച്ചു നിൽക്കുന്നു. എന്നാൽ സംവരണപരിധി നിശ്ചയിച്ചതിൽ അശാസ്ത്രീയതയുണ്ടെന്ന് സിപിഎം വ്യക്തമാക്കുന്നു.

cpm changes stand on economic reservation bill have to lower reservation  sealing
Author
New Delhi, First Published Jan 8, 2019, 4:04 PM IST

ദില്ലി: സാമ്പത്തികസംവരണബില്ല് പിൻവലിക്കണമെന്ന് സിപിഎം. ബില്ല് പാസ്സാക്കുന്നതിന് മുമ്പ് വിശദമായ ചർച്ച വേണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. പാർലമെന്‍റിൽ സിപിഎം ബില്ലിനെ എതിർത്ത് വോട്ട് ചെയ്യും. 

സാമ്പത്തികസംവരണത്തെ പിന്തുണയ്ക്കുന്നുവെന്നതാണ് സിപിഎം പാർട്ടി കോൺഗ്രസിന്‍റെ പ്രഖ്യാപിതനിലപാട്. ആ നിലപാടിൽ സിപിഎം പിബി ഉറച്ചു നിൽക്കുന്നു. എന്നാൽ സംവരണപരിധി നിശ്ചയിച്ചതിൽ അശാസ്ത്രീയതയുണ്ടെന്ന് സിപിഎം വ്യക്തമാക്കുന്നു. എട്ട് ലക്ഷത്തിൽത്താഴെ വാർഷികവരുമാനമുള്ള എല്ലാവർക്കും സാമ്പത്തികസംവരണത്തിന് അർഹത നൽകുന്നത് യഥാർഥ പിന്നാക്കക്കാരെ തഴയുന്നതാണെന്നാണ് സിപിഎം പറയുന്നത്.

ഇപ്പോഴത്തെ സംവരണബില്ല് തൽസ്ഥിതിയിൽ അവതരിപ്പിക്കുകയോ പാസ്സാക്കുകയോ ചെയ്യരുതെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. ബില്ല് പിൻവലിക്കണമെന്നും പിബി ആവശ്യപ്പെടുന്നു.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെയുള്ള നിരവധി സിപിഎം നേതാക്കൾ ബില്ലിനെ അനുകൂലിച്ച് രംഗത്തു വന്നിരുന്നു. പിന്നാക്കവിഭാഗക്കാരുടെ സംവരണം വെട്ടിക്കുറക്കാതെയുള്ള സംവരണം സ്വാഗതാർഹമെന്നായിരുന്നു കേരളത്തിലെ സിപിഎം നേതാക്കളുടെ പ്രതികരണം. 

എന്നാൽ വി എസ് അച്യുതാനന്ദൻ ഇതിനെ എതിർത്ത് പ്രസ്താവനയിറക്കി. സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ ഭരണഘടനാ ഭേദഗതിക്കൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച സംസ്ഥാന സര്‍ക്കാരിന്‍റെയും, സിപിഎമ്മിന്‍റെയും നിലപാട് വിഎസ് തള്ളി.

രാജ്യവ്യാപകമായി ചർച്ച ചെയ്ത ശേഷമേ, മുന്നോക്കക്കാരായി വിളിക്കപ്പെടുന്ന വിഭാഗങ്ങളിലെ സാമൂഹ്യ പിന്നാക്കാവസ്ഥയുള്ളവരുടെ സംവരണ കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്ന് വി എസ്  പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അടിച്ചമർത്തപ്പെട്ടവർക്ക് വിദ്യാഭ്യാസവും തൊഴിലും അപ്രാപ്യമാവുന്ന സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ഒരു ജനാധിപത്യ അവകാശമായാണ് സംവരണത്തെ കാണേണ്ടത്.  

സാമൂഹ്യനീതി നേടിയെടുക്കാനുള്ള ഉയർന്ന ലക്ഷ്യത്തെ, വ്യാപകവും സമഗ്രവുമായി ആശയരൂപീകരണം നടത്തിക്കൊണ്ടാണ് നേടിയെടുക്കേണ്ടത്. എന്നാൽ, ഇതൊന്നും ചെയ്യാതെ, സവര്‍ണ വോട്ടുകള്‍ പരമാവധി സ്വരൂപിക്കുക എന്ന ഏക ലക്ഷ്യവുമായി ബിജെപി മുന്നോട്ടുവെയ്ക്കുന്ന ആശയമാണ്, മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം എന്നത്.  

ഇന്ത്യന്‍ ജനാധിപത്യത്തില്‍, സംവരണം എന്ന ആശയത്തിന്‍റെ സത്ത ചോർത്തിക്കളയുന്ന തീരുമാനമാണ് ബിജെപി മന്ത്രിസഭ കൈക്കൊണ്ടിട്ടുള്ളത്. സംവരണം എന്നത് ഒരു സാമ്പത്തിക പദ്ധതിയല്ല.  അതുകൊണ്ടാണ്, ജനകീയ ജനാധിപത്യത്തിന്‍റെ സത്തയുമായി ഒരുതരത്തിലും യോജിച്ചു പോവാത്ത സാമ്പത്തിക സംവരണത്തെ സിപിഎം പിന്തുണക്കാതിരുന്നത്.  വാജ്പേയ് സര്‍ക്കാരിന്‍റെ കാലത്ത് ഇതുപോലൊരു ക്യാബിനറ്റ് തീരുമാനമുണ്ടായപ്പോൾ സിപിഎം അതിന്‍റെ പൊള്ളത്തരം തുറന്നുകാട്ടിയിട്ടുണ്ട്. 

ജാതി പിന്നോക്കാവസ്ഥ പോലെ, സാമ്പത്തിക പിന്നോക്കാവസ്ഥ ശാശ്വതമല്ല.  സംവരണം പോലുള്ള കാര്യങ്ങളെ കേവലം വോട്ട് ബാങ്ക് രാഷ്ട്രീയമാക്കി തരം താഴ്ത്താനുള്ള ബിജെപിയുടെ നീക്കം തുറന്നു കാട്ടപ്പെടണമെന്നും വി എസ് പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios