മൂന്നാര്‍: മൂന്നാറില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തെത്തുടര്‍ന്നു വാഹനങ്ങളും കോട്ടേജും അടിച്ചു തകര്‍ത്തു. ഇരുവിഭാഗത്തുമായി സ്ത്രീകളടക്കം 13 പേര്‍ക്ക് പരിക്കേറ്റു.

ഞായറാഴ്ച രാത്രി ഡിവൈഎഫ്‌ഐ പ്രചരണ ജാഥാ പോസ്റ്റര്‍ ടൗണില്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ടു തുടങ്ങിയ തര്‍ക്കമാണു സംഘര്‍ഷത്തിലേക്കു നീങ്ങിയത്. പോസറ്റര്‍ ഒട്ടിക്കുന്നതിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിര്‍ക്കുകയും തുടര്‍ന്ന് ഇരു വിഭാഗവും സംഘടിച്ച് ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ ഒരു കാറും ബൈക്കും തകര്‍ക്കപ്പെട്ടു. പോലീസെത്തി സംഘര്‍ഷമവസാനിപ്പിച്ചു പിരിച്ചുവിട്ടതിനു പിന്നാലെ സിപിഎംകാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകുടെ വീടുകളും സ്ഥാപനങ്ങളും തേടിനടന്ന് ആക്രമിച്ചെന്നാണു പരാതി.

വീടുകളില്‍ അതിക്രമിച്ചു കയറിയവര്‍ സ്ത്രീകളെയടക്കം ആക്രമിച്ചതായും ഹോംസ്റ്റേ എറിഞ്ഞു തകര്‍ത്തതായും ബൈക്ക് തോട്ടിലേക്കിട്ടു നശിപ്പിച്ചതായുമാണു പരാതി. സംഭവത്തില്‍ പരുക്കേറ്റവര്‍ മൂന്നാര്‍, അടിമാലി എന്നിവിടങ്ങളിലെആശുപത്രികളില്‍ ചികിത്സ തേടി. സംഭവത്തില്‍ ഇരുകൂട്ടുരുടെയും പേരില്‍ പോലീസ് കേസുകളെടുത്തു.