പരിസ്ഥിതിദിന സന്ദേശങ്ങള്‍ പോര് മുറുക്കുന്ന ഒളിയമ്പുകളായി മാറുകയാണിപ്പോള്‍. വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. പരിസ്ഥിതി വിഷയങ്ങളില്‍ നിയമം കര്‍ശനമാക്കും. എന്നാല്‍ അന്ധവും അശാസ്‌ത്രീയവുമായ പരിസ്ഥിതി മൗലികവാദം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പരിസ്ഥിതിവാദം വികസനത്തിന്റെ വഴിമുടക്കുകയല്ലെന്നായിരുന്നു കാനത്തിന്റെ സന്ദേശം. മുതലാളിത്ത വികസനമാണ് പ്രകൃതിയെ തകര്‍ത്തെതെന്ന് തിരിച്ചറിയുന്നിടത്താണ് ഇടതുപക്ഷരാഷ്‌ട്രീയം അര്‍ത്ഥവത്താകുന്നതെന്നും സിപിഐ സെക്രട്ടറി ചൂണ്ടിക്കാട്ടി. 

അതിരപ്പിള്ളിയില്‍ വികസനത്തിലൂന്നി സിപിഐഎമ്മും പരിസ്ഥിതിഉയര്‍ത്തി സിപിഐയും നടത്തുന്ന ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയാണ് സന്ദേശപ്പോരും. പരിസ്ഥിതി മൗലികവാദമെന്ന് പിണറായിയുടെ പ്രയോഗത്തിന് കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിവുള്ള നേതാവാണ് പിണറായി വിജയനെന്നായിരുന്നു സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ഇടത് പക്ഷത്ത് പരിസ്ഥിതി തര്‍ക്കമാകുമ്പോള്‍ അതിരപ്പിള്ളിയില്‍ പിണറായിയുടെ നിലപാടിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ രംഗത്തെത്തി. എന്നാല്‍ മുല്ലപ്പെരിയാറില്‍ താന്‍ പിണറായിക്കൊപ്പമല്ലെന്നും മുരളീധരന്‍ സൂചിപ്പിച്ചു.