കാസര്‍കോഡ്: സി.പി.എം കാസർഗോഡ് ജില്ലാ സമ്മേളനത്തിൽ റവന്യു വകുപ്പ് മന്ത്രിക്കെതിരെ രൂക്ഷ വിമർശനം. പാർട്ടി ശക്തികേന്ദ്രങ്ങളിൽ നിന്ന് വോട്ട് നേടി വിജയിച്ച ഇ.ചന്ദ്രശേരൻ നില മറന്ന് പ്രവർത്തിക്കുന്നതായി പ്രതിനിധികൾ കുറ്റപ്പെടുത്തി. പൊലീസിൽ ആർ.എസ്.എസ് സ്വാധീനം വർധിക്കുന്നെന്നും വിമർശനം ഉയർന്നു.

പൊതുചർച്ചയ്ക്കിടെയാണ് പ്രതിനിധികൾ റവന്യൂ വകുപ്പ് മന്ത്രിക്കെതിരെ വിമർശനമുന്നയിച്ചത്. പാർട്ടി ശക്തി കേന്ദ്രങ്ങളിൽ നിന്നടക്കം വോട്ട് സമാഹരിച്ചാണ് ഇ.ചന്ദ്രശേഖരൻ വിജയച്ചത് .ഈ നില മറന്നാണ് മന്ത്രിയുടെ പ്രവർത്തനമെന്നാണ് കുറ്റപ്പെടുത്തൽ. ബഹിഷ്കരിക്കണം തുടരണമെന്ന് മന്ത്രിയുടെ മണ്ഡലത്തിൽ നിന്നുള്ള അംഗം ചർച്ചയിൽ ആവശ്യപ്പെട്ടു. തോമസ് ചാണ്ടി , മൂന്നാർ വിവാദങ്ങൾ കത്തിനിൽക്കെ റവന്യൂ വകുപ്പ് സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് സിപിഎം ജില്ലയിൽ മന്ത്രിയെ ബഹിഷ്കരിച്ചിരുന്നു.

 ഇത് സ്ഥിരീകരിക്കുന്ന വാദങ്ങളാണ് പ്രതിനിധി സമ്മേളനത്തിൽ ഉയർന്നത്. എം.എൽ.എ എന്ന നിലയിലുള്ള മന്ത്രിയുടെ പ്രവർത്തനമാണ് ചർച്ചയായതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. ആഭ്യന്തര വകുപ്പിന് നേരെയും രൂക്ഷ വിമർശനം ഉയർന്നു. പാർട്ടി ഭരിക്കുന്പോൾ പൊലീസിൽ ഇടപെടരുതെന്ന നിർദേശം ഉപകരിക്കുന്നത് മറ്റുള്ളവർക്കാണ്, പാർട്ടി ഗ്രാമങ്ങളിലടക്കമുണ്ടായ മൂന്ന് കൊലപാതകങ്ങളിൽ യഥാ‍ർത്ഥ പ്രതികളെ പിടികൂടാൻ ആയില്ലെന്നും അംഗങ്ങൾ പറഞു. ബേഡകത്തടക്കം വിഭാഗീയത ജില്ലയിൽ പാർട്ടിക്ക് ക്ഷീണമായെന്നും റിപ്പോർട്ടിൽ പറയുന്നു.