ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ അല്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയുമായി ബിജെപി ജില്ലാ ഘടകം രംഗത്ത്. 

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ ജില്ലയില്‍ സിപിഎം - ബിജെപി വാക് പോരാട്ടം തുടങ്ങി. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ അല്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയുമായി ബിജെപി ജില്ലാ ഘടകം രംഗത്ത്. 

സജി ചെറിയാന്റെ വാക്കുകള്‍ പരാജയ ഭീതിയില്‍ നിന്നുണ്ടായതാണെന്നാണ് ബിജെപി ജില്ലാ അധ്യക്ഷന്‍ കെ. സോമന്‍ പറയുന്നത്. ഇത്തവണത്തെ തെരെഞ്ഞെടുപ്പില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് സജി ചെറിയാന് അറിയാം. അതു കൊണ്ടാണ് ഈ മുന്‍കൂര്‍ ജാമ്യം അദ്ദേഹം എടുക്കുന്നത്. പിണറായി വിജയന്റെ ഭരണത്തെപ്പറ്റി സിപിഎം ജില്ലാ സെക്രട്ടറിക്ക് പോലും മതിപ്പില്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ജനം സര്‍ക്കാരിനെ വിലയിരുത്തിയാല്‍ ചെങ്ങന്നൂരില്‍ സിപിഎമ്മിന് കെട്ടിവെച്ച പണം നഷ്ടമാകും. ത്രിപുരയില്‍ നടക്കാത്ത കാര്യങ്ങള്‍ ഇവിടെ ചര്‍ച്ചയാക്കാന്‍ സിപിഎം നവമാധ്യമങ്ങളില്‍ കൂടി വിയര്‍പ്പൊഴുക്കുകയാണ്. ഇത്തരം തട്ടിപ്പ് പ്രചരണം കൊണ്ട് ചെങ്ങന്നൂരിലെ ജനങ്ങളെ കബളിപ്പിക്കാനാവില്ലന്നും ബിജെപി ജില്ലാ ഘടകം പറയുന്നു.