കോഴിക്കോട്: പയ്യോളി മനോജ് വധക്കേസിലെ പ്രതികള്‍ക്ക് നിയമസഹായം നല്‍കാന്‍ സിപിഎം ഫണ്ട് പിരിവ് തുടങ്ങി. സ്പെഷ്യല്‍ ഫണ്ട് എന്നപേരിലാണ് പണപ്പിരിവ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരപരാധിത്വം തെളിയിക്കാന്‍ എത്ര പണം ചെലവിടാനും തയ്യാറാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.
പയ്യോളി മനോജ് വധക്കേസില്‍ സിപിഎം ജില്ലാ കമ്മറ്റി അംഗം ചന്തു മാസ്റ്റര്‍ ഉള്‍പ്പെടെ പത്തു പേരാണ് റിമാന്‍ഡിലുളളത്. ഇവരുടെ ജാമ്യാപേക്ഷയില്‍ എറണാകുളം സെഷന്‍സ് കോടതി വിധി പറയാനിരിക്കെയാണ് സിപിഎം പണപ്പിരിവ് നടത്തുന്നത്. കേസ് നടത്തിപ്പിനാവശ്യമായ ഭാരിച്ച തുക കണ്ടെത്താനും ജയിലില്‍ കഴിയുന്നവരുടെ കുടുംബങ്ങളെ സഹായിക്കാനുമാണ് പണപ്പിരിവ്. എന്നാല്‍ എത്ര തുകയാണ് പിരിക്കുന്നതെന്ന് പരസ്യമാക്കിയിട്ടില്ല. പയ്യോളി ഏരിയാ കമ്മിറ്റിക്കു കീഴിലെ വിവിധ ബ്രാഞ്ചുകള്‍ വഴി സ്പെഷ്യല്‍ ഫണ്ട് എന്ന പേരിലാണ് പിരിവ്. കേസിന്‍റെ വിചാരണാ ഘട്ടത്തില്‍ ആവശ്യമെങ്കില്‍ മറ്റ് ഘടകങ്ങളില്‍നിന്നു കൂടി പണം സമാഹരിക്കാനാണ് നീക്കം.
നേരത്തെ ലോക്കല്‍ പൊലീസിന്‍റെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ കോടതിക്കു മുന്പാകെ നിരപരാധിത്വം ബോധിപ്പിച്ച് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത് പാര്‍ട്ടിക്ക് വലിയ ക്ഷീണമായിരുന്നു. കേസിലെ വിജയം അഭിമാനപ്രശ്നമായതിനാല്‍ മികച്ച അഭിഭാഷകരുടെ സേവനം ഉറപ്പാക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
