പയ്യോളി മനോജ് വധക്കേസിലെ പ്രതികളെ ഇന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി 11 മണിയോടെയാണ് പ്രതികളെ എറണാകുളത്ത് എത്തിച്ചത്. വൈദ്യപരിശോധനക്ക് ശേഷം കോടതിയിലെത്തിക്കും. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുക്കാനുമാണ് സിബിഐ തീരുമാനം. സിപിഎം പയ്യോളി ലോക്കല്‍ സെക്രട്ടറി പി വി രാമചന്ദ്രന്‍, മുന്‍ ഏരിയാ സെക്രട്ടറി ചന്തുമാഷ്, സിപിഎം വാര്‍ഡ് കൗണ്‍സിലര്‍ ലിജേഷ് എന്നിവരുള്‍പ്പടെ ഒമ്പത് പേരാണ് കേസിലെ പ്രതികൾ.

അതേസമയം പയ്യോളിയില്‍ സിപിഎം ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. പയ്യോളി മനോജ് വധക്കേസില്‍ പാര്‍ട്ടി നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പയ്യോളി നഗരസഭാപരിധിയില്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. സിബിഐയുടെ നടപടിക്കു പിന്നില്‍ കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും രാഷ്ട്രീയ ഗൂഡാലോചനയെന്ന് സിപിഎം ആരോപിച്ചു.