തിരുവനന്തപുരം: കാസർകോട് ഇരട്ടക്കൊലപാതക കേസിൽ മാർക്സിസ്റ്റ് പാർട്ടിയുടെയും നേതാക്കൻമാരുടെയും ഇടപെടൽ പകൽ പോലെ വ്യക്തമാണെന്ന് കോൺഗ്രസ് നേതാവ് അഡ്വ. സണ്ണി ജോസഫ്. പ്രതികളെ സിപിഎം സഹായിക്കുകയാണെന്നും പാർട്ടി ഗ്രാമങ്ങളിലാണ് ഇവർക്ക് ഒളിസങ്കേതങ്ങൾ ഒരുക്കുന്നതെന്നും സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ ആരോപിച്ചു. 

ഇരട്ടക്കൊലപാതകത്തിനായി ഉപയോഗിച്ച വാഹനങ്ങൾ ഒളിപ്പിച്ചത് സിപിഎം നേതാക്കളാണെന്ന് ആരോപിച്ച സണ്ണി ജോസഫ് പിണറായി വിജയൻ എന്ന പോളിറ്റ് ബ്യൂറോ അംഗം ഭരിക്കുന്ന കേരളത്തിൽ ലോക്കൽ പൊലീസിന്‍റെ അന്വേഷണത്തിൽ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തിന് നീതി കിട്ടില്ലെന്നും ന്യൂസ് അവറിൽ പറഞ്ഞു. 

കേരളപൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച സണ്ണി ജോസഫ് തെളിവെടുപ്പ് സമയത്തെ മാധ്യമങ്ങളുടെ സാന്നിദ്ധ്യമടക്കമുള്ള കാര്യങ്ങൾ കേസിന്‍റെ നിയമസാധുതയെ ബാധിക്കുമെന്നും ആരോപിച്ചു. കേരളപൊലീസിന്‍റെ അന്വേഷണത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് തൃപ്തിയില്ലാത്തത് കൊണ്ടാണ് കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുന്നതെന്നും സണ്ണി ജോസഫ് ആരോപിച്ചു.