അടിമാലി: റെയ്ഞ്ച് ഓഫീസില്‍ കിടക്കുന്ന ഈറ്റകള്‍ക്ക് ഇടത് മുന്നണിയിലെ രണ്ട് കക്ഷികള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ കഥയാണ് പറയാനുള്ളത്. സിപിഎം ജില്ലാ സമ്മേളനത്തിനായി 30,000 ഈറ്റകള്‍ അടിമാലിയില്‍ നിന്ന് കൊണ്ടുവന്നത്. ഈറ്റകള്‍ കയറ്റിയ ലോറി നേരിയമംഗലത്തെത്തിയപ്പോള്‍ വനംവകുപ്പ് തടഞ്ഞു. രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. 

Add Asianetnews as a Preferred SourcegooglePreferred

ഇതിനിടെ സിപിഎം ജില്ലാ നേതാക്കള്‍ വനംവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടു. കേസ് എടുക്കണമെന്നാണ് നിര്‍ദ്ദേശമെന്നായിരുന്നു മറുപടി. തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വനം മന്ത്രി കെ രാജുവുമായി ബന്ധപ്പെട്ടേങ്കിലും ഈറ്റ വിട്ട്തരാന്‍ കഴിയില്ലെന്നായിരുന്നു നിലപാട്. തുടര്‍ന്ന് വാഹനം വനം വകുപ്പ് അധികൃതര്‍ അടിമാലി റെയ്ഞ്ച് ഓഫീസിന് കൈമാറി. സംഭവത്തില്‍ തങ്ങള്‍ക്ക് പരാതിയിലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വനത്തില്‍ നിന്ന് അനധികൃതമായി ഈറ്റ മുറിച്ചതിന് കേസ് എടുത്ത ശേഷം ലോറിയും ഡ്രൈവറേയും വിട്ടു. ഈറ്റ ഇപ്പോള്‍ അടിമാലി റെയ്ഞ്ച് ഓഫീസില്‍ കിടക്കുകയാണ്. മനപൂര്‍വ്വം ആരോ ഒറ്റിക്കൊടുത്തതാണെന്ന് സിപിഎം കോട്ടയം ജില്ലാ നേത്യത്വം വിശ്വസിക്കുന്നു. ഇടുക്കിയില്‍ സിപിഎം സിപിഐ തര്‍ക്കം രൂക്ഷമായിരിക്കെയാണ് ഈ സംഭവം. എന്നാല്‍ പ്രത്യേക പാസുള്ളവര്‍ക്കാണ് ഈറ്റ മുറിക്കാന്‍ അനുമതിയെന്നും അതില്ലാത്തതിനാലാണ് കേസെടുത്തതെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം. ഒടുവില്‍ മണിമലയില്‍ നിന്നും ഈറ്റ കൊണ്ടുവന്നാണ് ജില്ലാ സമ്മേളനത്തിനായി കൊടികള്‍ കെട്ടിയത്.