കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നത് കോണ്‍ഗ്രസ് രാഷ്ട്രീയമുതലെടുപ്പിനുപയോഗിച്ചേക്കുമെന്ന് പ്രാദേശിക സിപിഎം നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു. 

കാസർ​കോട്: സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ ഇടപെടല്‍ മൂലമെന്ന് സൂചന. മുഖ്യമന്ത്രി കൊലപ്പെട്ടവരുടെ വീടുകള്‍‍ സന്ദര്‍ശിക്കാതിരുന്നത് കോണ്‍ഗ്രസിന്റെ എതിര്‍പ്പ് കാരണമാണെന്ന് വിശദീകരണമുണ്ടെങ്കിലും മറിച്ചാണ് വസ്തുതയെന്ന് സിപിഎം കേന്ദ്രങ്ങള്‍‍ വിശദീകരിക്കുന്നു. വീടുകള്‍ സന്ദര്‍ശിക്കുന്നത് കോണ്‍ഗ്രസ് രാഷ്ട്രീയമുതലെടുപ്പിനുപയോഗിച്ചേക്കുമെന്നാണ് പ്രാദേശിക സിപിഎം നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചത്.

കൊല്ലപ്പെട്ട കൃപേഷിന്‍റേയും ശരത് ലാലിന്‍റേയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചെന്നും ഇതിനായി സിപിഎം ജില്ലാ നേതൃത്വം ഡിസിസിയുമായി ചര്‍ച്ച നടത്തിയെന്നും വെള്ളിയാഴ്ച്ച രാവിലെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും രാഷ്ട്രീയ തീരുമാനത്തിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രി യാത്ര റദ്ദാക്കിയതെന്ന് വ്യക്തമാണ്. 

സിപിഐ നിയമസഭാ കക്ഷിനേതാവ് കൂടിയായ മന്ത്രി ഇ.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടവരുടെ സന്ദര്‍ശിച്ചതില്‍ സിപിഎമ്മിന് വിയോജിപ്പുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ തന്നെ സൂചിപ്പിരുന്നു. മുഖ്യമന്ത്രി കൂടി വീട്ടിലെത്തിയാല്‍ അത് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയവിജയമാകുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ഇ ചന്ദ്രശേഖരനെത്തിയപ്പോള്‍ ശരത്തിന്‍റെ പിതാവ് രോക്ഷാകുലനായ സംഭവവും അവര്‍ എടുത്തു കാട്ടി. ഇതേ രീതിയില്‍ മുഖ്യമന്ത്രിയേയും അപമാനിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയെന്ന് സിപിഎം കരുതുന്നു.

അതേ സമയം മുഖ്യമന്ത്രി വരാത്തതില്‍ നിരാശ പ്രകടിപ്പിക്കുകയാണ് കൊലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. സിബിഐ അന്വേഷണമെന്ന ആവശ്യം മുഖ്യമന്ത്രിക്ക് മുന്‍പാകെ ഉന്നയിക്കാനും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ആലോചനയുണ്ടായിരുന്നു. എന്തായാലും കാസര്‍കോട് ഇരട്ടക്കൊലയില്‍ ഇതേ വരെ കാണിച്ച മൃദുസമീപനം സിപിഎം അവസാനിപ്പിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. 

നേരത്തെയുള്ള രാഷ്ട്രീയകൊലകളില്‍ കണ്ട പോലെ പാര്‍ട്ടിയെ ന്യായീകരിക്കുക എന്ന നയമാവും കാസര്‍കോട് ഇരട്ടക്കൊലയില്‍ പാര്‍ട്ടി സ്വീകരിക്കുക. സര്‍ക്കാര്‍ കടമ നിറവേറ്റിയെന്ന പ്രചരണവും ശക്തമാക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ഇരട്ടക്കൊല വലിച്ചിഴക്കേണ്ടെന്ന സന്ദേശം കൂടി എതിരാളികള്‍ക്ക് നല്‍കുകയാണ് സിപിഎമ്മും സര്‍ക്കാരും.