പാനൂർ: പാർട്ടി അനുമതിയില്ലാതെ ആർഎസ്എസ്സിന്റെ സേവന വിഭാഗമായ സേവഭാരതിയുടെ വേദിയിൽ സിപിഎം പാനൂർ ലോക്കൽ സെക്രട്ടറി പങ്കെടുത്തത് വിവാദമാകുന്നു. പാർട്ടിയുടെ അറിവില്ലാതെയാണ് പരിപാടി പങ്കെടുത്തത് എന്നും വിഷയത്തിൽ ലോക്കൽ സെക്രട്ടറിയോട് വിശദീകരണം തേടുമെന്നും പാനൂർ ഏരിയാ സെക്രട്ടറി കെ.ഇ.കു‍ഞ്ഞബദ്ദുള്ള പറഞ്ഞു.

ആർ.എസ്.എസിന്റെ സേവന വിഭാഗമായ സേവാഭാരതിയുടെ പാനൂർ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് സിപിഎം പാനൂർ ലോക്കൽ സെക്രട്ടറി കെ.കെ.പ്രേമൻ പങ്കെടുത്തത്. സി.പി.എം പ്രവർത്തകർക്കു നേരെ നടന്ന അക്രമങ്ങളിൽ ആർ.എസ്.എസാണെന്ന് സി.പി.എം ആരോപിക്കുമ്പോഴും ലോക്കൽ സെക്രട്ടറി ആർ.എസി.എസിന്റെ വേദിയിൽ പങ്കെടുത്തത് ചർച്ചയായിട്ടുണ്ട്. സിപി എം ഏരിയാ നേതൃത്വത്തിന്റെ അറിവോടെയല്ല കെ.കെ. പ്രേമൻ ചടങ്ങിനെത്തിയതെന്നും വിഷയം അന്വേഷിക്കുമെന്നും പാനൂർ ഏരിയാ സെക്രട്ടറി കെ.ഇ,കു‍ഞ്ഞബദ്ദുള്ള വിശദീകരിച്ചു.

2013ൽ പാനൂർ പഞ്ചായത്തിൽ കോൺഗ്രസിനെതിരെ അവിശ്വാസ പ്രമേയം വന്നപ്പോൾ സി.പി.എമ്മും ബി.ജെ.പിയും ഒത്തുചേർന്ന് പ്രവർത്തിച്ചതിന് അന്ന് പഞ്ചായത്ത് മെമ്പറും ലോക്കൽ സെക്രട്ടറിയുമായിരുന്ന കെ.കെ.പ്രേമനെ സിപിഎം ബ്രാ‍ഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു.