Asianet News MalayalamAsianet News Malayalam

ചൈത്ര തെരേസാ ജോൺ റെയ്ഡ് നടത്തിയത് മനഃപൂർ‍വ്വം; കടുത്ത നടപടി ആവശ്യപ്പെട്ട് സിപിഎം

നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് തൊട്ട് മുൻപ് ചൈത്ര തേരേസ ജോൺ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയത് മനപൂർ‍വ്വമാണ്. വാര്‍ത്തകളിൽ ഇടം പിടിക്കാൻ വേണ്ടി മാത്രമുള്ള നടപടിയാണ് ഡിസിപിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് സിപിഎം.

cpm leaders against Chaithra Teresa John
Author
Trivandrum, First Published Jan 27, 2019, 1:59 PM IST

തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ നടത്തിയ റെയ്ഡിൽ ഡിസിപി ചൈത്ര തെരേസാ ജോണിനെതിരെ കർശന നടപടി വേണമെന്ന ആവശ്യത്തിന് പിന്നാലെ ഐപിഎസ് ഉദ്യോഗസ്ഥക്കെതിരെ ആഞ്ഞടിച്ച് ജില്ലാ നേതൃത്വം. നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് തൊട്ട് മുൻപ് ചൈത്ര തേരേസ ജോൺ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയത് മനപൂർ‍വ്വമാണ്. വാര്‍ത്തകളിൽ ഇടം പിടിക്കാൻ വേണ്ടി മാത്രമുള്ള നടപടിയാണ് ഡിസിപിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും താനിവിടെ ഉണ്ടായിരുന്നുവെങ്കിൽ പൊലീസിനെ തടയുമായിരുന്നു എന്നും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. പരിശോധനക്കായി എത്തിയ ഉദ്യോഗസ്ഥരെ ആരും തടഞ്ഞിട്ടില്ലെന്നും ആനാവൂര്‍ നാഗപ്പൻ പറയുന്നു

വാർത്തയിൽ ഇടം പിടിക്കാൻ താത്പര്യമുള്ള ഉദ്യോഗസ്ഥയാണ് ചൈത്ര. പൊതുപണിമുടക്ക് ദിവസം റോഡിൽ നിർമ്മിച്ച സമരപന്തലും റെയ്ഡ് നടത്താൻ ചൈത്ര ശ്രമിച്ചുവെന്നാണ് വി.ശിവൻകുട്ടിയുടെ ആരോപണം. അതേസമയം റോഡ് തടസ്സപ്പെടുത്തി പ്ലാറ്റ്ഫോം നിർമ്മിച്ച ബിജെപിക്കെതിരെ കേസെടുത്തില്ലെന്നും വി ശിവൻ കുട്ടി പറയുന്നു. രണ്ട് ബാത്ത് റൂമിലാണ് പരിശോധന നടത്തിയതെന്നും ആരേയും കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ എന്നും നേതാക്കൾ ചോദിക്കുന്നു. 

റെയ്ഡിന്‍റെ സാഹചര്യത്തെ കുറിച്ചും ചൈത്രയുടെ നടപടിയെ കുറിച്ചും അന്വേഷിക്കുന്ന എഡിജിപി മനോജ് എബ്രഹാം നാളെ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ഐപിഎസ് ഉദ്യോഗസ്ഥക്കെതിരെ ശക്തമായ നടപടി വേണമെന്ന നിലപാടിൽ സിപിഎം ജില്ലാ നേതൃത്വം ഉറച്ച് നിൽക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ പൊലീസ് സ്റ്റേഷന് നേരെ കല്ലെറി‌ഞ്ഞ കേസിലെ പ്രതികൾക്ക് വേണ്ടിയായിരുന്നു ഡിസിപി ചൈത്ര തേരേസ ജോണിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. 

ഓഫീസ് സെക്രട്ടറി അടക്കം കുറച്ച് പേർ മാത്രമേ പരിശോധനാ സമയത്ത് ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളിൽ നിന്ന് ലഭിച്ച വിവരത്തി‍ന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ ആരെയും കണ്ടെത്താനായില്ല. ഉച്ചയോടെ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനും ബണ്ട് കോളനി സ്വദേശിയുമായ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.  

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോക്സോ കേസ് പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകനെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്. കേസിൽ ആകെ പത്ത് പ്രതികളാണ് ഉള്ളത് പൊലീസ് നടപടിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. 

Follow Us:
Download App:
  • android
  • ios