വിസി നിയമനത്തിൽ സർക്കാരും ഗവർണറും തമ്മിൽ ധാരണ. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചു.
തിരുവനന്തപുരം: ഡിജിറ്റൽ, കെടി.യു സ്ഥിരം വിസി നിയമനത്തിൽ സർക്കാർ, ഗവർണർ സമവായം. കെടിയു വിസിയായി ഡോ സിസ തോമസിനെ അംഗീകരിക്കണമെന്ന ഗവർണറുടെ ആവശ്യത്തിന് സർക്കാർ വഴങ്ങി. അതേസമയം സർക്കാർ നോമിനിയായ ഡോ സജി ഗോപിനാഥിനെ ഡിജിറ്റൽ വിസിയായും ഗവർണർ അംഗീകരിച്ചു. നിയമന വിജ്ഞാപനം ലോക്ഭവൻ പുറത്തിറക്കി
സുപ്രീം കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സർച്ച് കമ്മിറ്റി സ്വന്തം നിലയിൽ തയ്യാറാക്കിയ വിസിമാരുടെ പട്ടിക നാളെ കോടതിയ്ക്ക് കൈമാറാനിരികകെയാണ് സർക്കാരും ഗവർണറും തമ്മിൽ ധാരണയായത്. സിസ തോമസിനെ അംഗീകരിക്കില്ലെന്ന വർഷങ്ങൾ നീണ്ട പിടിവാശി ഉപേക്ഷിക്കാൻ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഗവർണറുമായുള്ള കൂടികാഴ്ചയിൽ തയ്യാറായി.
ഡോ സജി ഗോപിനാഥിനെയും ഡോ സതീഷ് കുമാറിനെയും വിസിമാരാക്കണമെന്നായിരുന്നു സർക്കാർ താൽപ്പര്യം. എന്നാൽ ചാൻസിലറായ ഗവർണർ ഈ ആവശ്യം തള്ളി. പകരം സർക്കാറിന് മൂന്ന് വർഷമായി അനഭിമതയായ ഡോ സിസ തോമസിനെ കെടിയുവിലും ഡോ പ്രിയ ചന്ദ്രനെ ഡിജിറ്റൽ വിസിയായും നിയമിക്കണമെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നതയെ വിമർശിച്ച കോടതി ഡോ സുധാംശു ധൂലിയയോടെ പാനൽ നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
സുപ്രീം കോടതി നിയമനം ഏറ്റെടുക്കുന്നത് ഉചിതമാകില്ലെന്ന് വിലയിരുത്തിയാണ് ഗവർണർ വഴങ്ങിയത്. സർക്കാറിനാകട്ടെ ഒരു പേരെങ്കിലും അംഗീകരിക്കപ്പെടുമെന്ന ആശ്വാസവും. സിസ തോമസിനെ അംഗീകരിച്ച നടപടി സർക്കാർ അനുകൂല സംഘടനകൾക്ക് കനത്ത തിരിച്ചടിയാകും. എസ്എഫ്ഐ നേരത്തെ കെടിയുവിലും കേരളയിലും സിസ തോമസിനെതിരെ തുറന്ന യുദ്ധത്തിലായിരുന്നു. വിരമിക്കൽ ആനുകൂല്യമടക്കം തടഞ്ഞ് പ്രതികാരം വീട്ടുന്നുവെന്നാരോപിച്ച് സിസ തോമസ് കോടതി കയറിയാണ് അനുകൂല ഉത്തരവ് നേടിയത്.




