ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ.പി ജയരാജന്റെ നില കൂടുതല്‍ പരുങ്ങലിലാക്കുന്ന രീതിയിലാണ് സി.പി.എം നേതാക്കളുടെ പ്രതികരണങ്ങള്‍ പുറത്തുവരുന്നത്. സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ന്നെന്നും സര്‍ക്കാര്‍ ഗൗരവമായി അന്വേഷിച്ച് ശക്തമായി നടപടിയെടുക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജയരാജനെ വിളിച്ച് വരുത്തി ശാസിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിളിച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന സൂചനയാണ് പിണറായി നല്‍കുന്നത്. ഇപ്പോള്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ ഗൗരവമുള്ളതാണെന്നതില്‍ ഒരു സംശയമില്ലെന്നും പാര്‍ട്ടി കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ രമേശ് ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷനേതാക്കള്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് നിയമോപദേശം തേടി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം തുടര്‍നടപടികളെടുക്കാനാണ് വിജിലന്‍സ് ഡയറ്കടറുടെ തീരുമാനം.