മൂന്നാര്‍: ദേവികുളത്ത് സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ദേവികുളം സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. സബ്കളക്ടറെ തടഞ്ഞവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാനും കളക്ടര്‍ ആവശ്യപ്പെട്ടു. എസ് രാജേന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സി പി എം നേതാക്കള്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയ ശേഷം സി പി എം പ്രവര്‍ത്തകര്‍ തന്നെ കയ്യേറ്റ ഭൂമിയില്‍ നിര്‍മ്മിച്ച ഷെഡ് പൊളിച്ചുനീക്കി. ഭൂസംരക്ഷണ സേന പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത പഞ്ചായത്ത് അംഗം സുരേഷ്‌കുമാറിനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചപറ്റിയെന്നും സര്‍ക്കാര്‍ നടപടി തടഞ്ഞ സി പി എം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ജില്ലാ കലക്ടറും ആവശ്യപ്പെട്ടിട്ടുണ്ട്.
ദേവികുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ പത്ത് സെന്റ് സര്‍ക്കാര്‍ ഭൂമിയാണ് കയ്യേറി ഷെഡ് നിര്‍മ്മിച്ചത്. വിരമിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനാണ് ഭൂമി കയ്യേറിയത്. ഷെഡ് നിര്‍മ്മിക്കുന്നതായി അറിഞ്ഞതിനെ തുടര്‍ന്നാണ് ദേവികുളം അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഭൂസംരക്ഷണ സേനാംഗങ്ങള്‍ ഒഴിപ്പിക്കാനെത്തിയത്. സംഭവം അറിഞ്ഞെത്തിയ സി പി എം പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞു. പഞ്ചായത്തംഗം സുരേഷ്‌കുമാര്‍. ഡിവൈഎഫ്‌ഐ നേതാവ് ജോബി എന്നിവരുടെ നേതൃത്വത്തില്‍ ഭൂസംരക്ഷണ സേനാംഗത്തെ കയ്യേറ്റം ചെയ്തു. സേനാംഗമായ ലിസണെയാണ് കയ്യേറ്റം ചെയ്തത്.
സബ്കളക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സബ്കളക്ടറും സ്ഥലത്ത് നേരിട്ടെത്തി. ഈ സമയമത്രയും പൊലീസ് നടപടി ഒന്നുമെടുക്കാതെ നോക്കി നില്‍ക്കുകയായിരുന്നു. സബ് കലക്ടര്‍ സിഐയെ ഫോണില്‍ വിളിച്ച് ശകാരിച്ചതിനു പിന്നാലെയാണ് കൂടുതല്‍ പൊലീസുകാരെത്തിയതും കയ്യേറ്റം ചെയ്തവരെ കസ്റ്റഡിയിലെടുത്തതും.
കയ്യേറ്റമൊഴിപ്പിക്കല്‍ നേരത്തെ അറിയിച്ചിരുന്നില്ലെന്ന് ഇടുക്കി എ സി പി പറഞ്ഞു. കയ്യേറ്റമൊഴിപ്പിക്കാന്‍ പോകുമ്പോള്‍ മുന്‍കൂട്ടി അറിയിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് കത്തു നല്‍കുമെന്നും എ സി പി. പറഞ്ഞു. ഇതിനിടെ സബ്കളക്ടര്‍ക്കും റവന്യൂ ഉദ്യഗസ്ഥര്‍ക്കും സുരക്ഷ ശക്തമാക്കണമെന്നും സബ്കളക്ടര്‍റെ തടഞ്ഞ സി പി എം പ്രവര്‍ത്തകര്‍ക്കതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ്സെടുക്കണമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
