പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ വനവാസികളായ ആദിവാസി കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി സിപിഎം. കിടപ്പാടം പോലുമില്ലാതെ ദുരിതമനുഭവിക്കുന്ന ആദിവാസി കുടുംബങ്ങളെ സിപിഎം ദത്തെടുക്കുന്നു. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവരെ
കണ്ടെത്തി വീടുവച്ച് നല്‍കുന്നത് ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്കാണ് സിപിഎം ജില്ലാകമ്മറ്റി രൂപം നല്‍കിയിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ റാന്നിതാലൂക്കില്‍പ്പെട്ട ഉള്‍വനങ്ങളില്‍ കഴിയുന്ന ആദിവാസികളെ ദത്തെടുക്കാനാണ് സിപിഎം തീരുമാനം . ഇതിന്റെ ഭാഗമായി പ്രത്യേക സര്‍വ്വെ നടത്തി. ചാലക്കയം പമ്പ നിലക്കല്‍ സന്നിധാനം മൂഴിയാര്‍ ഗുരുനാഥന്‍ മണ്ണ് എന്നിവിടങ്ങളിലായി 224 ആദിവാസികള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ആദ്യഘട്ടത്തില്‍ ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം വസ്ത്രം പോഷകആഹാരങ്ങള്‍ മരുന്ന് എന്നിവ എത്തിക്കും.

എല്ലാമാസവും മെഡിക്കല്‍ സംഘത്തിനെ ഇവിടെ എത്തിച്ച് ചികിത്സാസഹായവും നല്‍കും. രണ്ടാഘട്ടത്തില്‍ സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടും സ്ഥലവും വാങ്ങികൊടുക്കും. കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി വനവാസികളായ കുട്ടികളെ ദത്തെടുക്കാനും സി പിഎമ്മില്‍ ആലോചനയുണ്ട്. 

ഇവര്‍ക്ക് മെച്ചപ്പെട്ട ഹോസ്റ്റലുകള്‍ കണ്ടെത്തി വിദ്യാഭ്യാസം നല്‍കും. ഇതിനായി പ്രത്യേക സര്‍ക്കാര്‍ ഫണ്ട് കണ്ടെത്തും. സിപിഎം റാന്നി, ഏരിയ കമ്മിറ്റികയുടെ കിഴിലുള്ള ലോക്കല്‍ കമ്മിറ്റികളെ രണ്ടായി തിരിച്ചാണ് പദ്ധതി നടപ്പാക്കുക. ഒരോ മാസം വീതമായിരിക്കും ഒരോ മേഖലയിലെ കുടുംബങ്ങളെ സഹായിക്കുക. ശബരിമല കാടുകളില്‍ തമസിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ വീട് വച്ചുകൊടുക്കുന്നതിന് ആവശ്യമായ നടപടികള്‍ തുടങ്ങികഴിഞ്ഞു.