പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അതില്‍ വി എസ് അച്യുതാനന്ദന്റെ പങ്ക് എന്ത് എന്നത് വ്യക്തമായിട്ടില്ല. ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടും എന്നാണ് വി എസ് നേരത്തെ പറഞ്ഞത്. എന്നാല്‍ വി എസിനെ സര്‍ക്കാരിന്റെ ഭാഗമായി നിറുത്തണം എന്നാണ് കേന്ദ്ര നേതാക്കളുടെ താല്പര്യം. സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ കേന്ദ്ര നേതാക്കള്‍ വി എസിനോട് ഇക്കാര്യം സംസാരിച്ചു എന്നാണ് സൂചന. വി എസ് സര്‍ക്കാരിന്റെ ഉപദേശകനാകുന്ന തരത്തിലൊരു പദവി ഏറ്റെടുക്കണം എന്നാണ് കേന്ദ്ര നേതാക്കള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം അംഗീകരിക്കാം എന്ന് വി എസ് കേന്ദ്രനേതാക്കളോട് പറഞ്ഞു. പദവി സംബന്ധിച്ച് കേന്ദ്ര തലത്തിലും ചര്‍ച്ച നടക്കും. ഞായറാഴ്ച തുടങ്ങുന്ന സി പി എം പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷമായിരിക്കും മന്ത്രിസഭാ തീരുമാനം വരിക എന്ന് നേതാക്കള്‍ സൂചിപ്പിച്ചു. വി എസിനെ മാറ്റിനിറുത്തുന്നത് നല്ല സൂചനയാവില്ലെന്നും വി എസിനെ നിയന്ത്രിക്കാന്‍ ഇത് തടസ്സമാകുമെന്നും കേന്ദ്ര നേതാക്കള്‍ കാണുന്നു.