ന്യൂഡല്‍ഹി: കോൺഗ്രസുമായുള്ള സഖ്യം പൂർണ്ണമായും തള്ളുന്ന രാഷ്ട്രീയ നയം തിരുത്തേണ്ടതുണ്ടോയെന്ന് സിപിഎം ചർച്ച ചെയ്യും. മാറ്റം വേണോയെന്ന് ചർച്ച നടത്തണമെന്ന് ദില്ലിയിൽ ചേർന്ന സിപിഎം പിബി യോഗത്തിൽ കരട് രാഷ്ട്രീയ പ്രമേയത്തിന്റെ രൂപ രേഖ മുന്നോട്ടു വച്ചു കൊണ്ട് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ 25 കൊല്ലത്തെ അടവുനയം വിലയിരുത്തി പ്രത്യേക രേഖ സിപിഎം തയ്യാറാക്കിയിരുന്നു. ഇതിനു പുറമെ രാഷ്ട്രീയ പ്രമേയവും അവതരിപ്പിച്ചു. രണ്ടിലും കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിന് എതിരായ നിലപാടാണ് ഉള്ളത്. ഒപ്പം ബൂർഷ്വാ പാർട്ടികളുമായി സംസ്ഥാനങ്ങളിൽ സഖ്യം വേണ്ടെന്നും സിപിഎം തീരുമാനിച്ചിരുന്നു. എന്നാൽ ഈ സമീപനത്തിൽ മാറ്റം വേണം എന്ന ശക്തമായ നിലപാടിലാണ് ബംഗാൾ ഘടകം. രാഷ്ട്രീയ പ്രമേയം അടുത്ത പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാവും അവതരിപ്പിക്കുക. പ്രമേയത്തിന്റെ രൂപരേഖ യെച്ചൂരി ദില്ലിയിൽ നടക്കുന്ന പിബി യോഗത്തിൽ അവതരിപ്പിച്ചു.

രാഷ്ട്രീയ നയത്തിൽ മാറ്റത്തിനെ പിന്തുണയ്ക്കുന്ന സമീപനമാണ് യെച്ചൂരി സ്വീകരിച്ചത്. ഇക്കാര്യത്തിൽ പാർട്ടിയിൽ ച‍ർച്ച നടക്കട്ടെ എന്ന നിലപാടാണ് യെച്ചൂരി അവതരിപ്പിച്ചത്. പിബിയിൽ ഭൂരിപക്ഷത്തിനും നയം മാറ്റുന്നതിനോട് യോജിപ്പില്ല. എന്നാൽ കേന്ദ്രകമ്മിറ്റിയിൽ നയം മാറ്റം വേണോയെന്ന ചർച്ച നടക്കും. അവിടെ ശക്തമായ വാദം ഉന്നയിക്കാനാണ് ബംഗാൾ ഘടകവും തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ നയത്തിൽ ഉറച്ചു നിന്നാൽ സിപിഎം ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ വിശാലസഖ്യത്തിൽ നിന്ന് മാറി നില്ക്കേണ്ടി വരും.

ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും പ്രാദേശിക പാ‍ർട്ടികളുമായി സഖ്യത്തിന് ആലോചനയുള്ളതിനാൽ ആ ഘടകങ്ങൾ മാറ്റത്തിനായി വാദിക്കുമെന്ന പ്രതീക്ഷ ബംഗാൾ ഘടകത്തിനുണ്ട്. കേന്ദ്രകമ്മിറ്റിക്കു ശേഷമേ ഇക്കാര്യത്തിൽ നയം വ്യക്തമാകൂ. 22ആം പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയം രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് എന്നീ രണ്ടു റിപ്പോർട്ടുകളുണ്ടാകാനേ സാധ്യതയുള്ളെന്നാണ് നേതാക്കൾ നല്കുന്ന സൂചന. ലാവ്ലിൻ കേസ് വിധിക്കു ശേഷമുള്ള സാഹചര്യം ഉൾപ്പടെയുള്ള വിഷയങ്ങൾ പിബി വിലയിരുത്തിയേക്കും.