തിരുവനന്തപുരം: ക്രഷറിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പിവി അൻവർ എംഎൽഎ പണം തട്ടിയെന്ന കേസിലെ പരാതിക്കാരൻ സിപിഎം നേതൃത്വത്തിനും പരാതി നൽകി. നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രേഖാമൂലം പരാതി നൽകിയത്. നേരത്തെ നേരിട്ട് കണ്ടും അൻവറിന്റെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് വിവരങ്ങൾ ധരിപ്പിച്ചിരുന്നു. 

അപേക്ഷയുടെ പൂര്‍ണ്ണരൂപം

സിപിഎം നേതൃത്വത്തിന്റെ ശ്രദ്ധക്ക്: സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടക്കുന്ന ഏതൊരു സംഭവത്തിലും ഒരു വഞ്ചകൻ എന്നപോലെ ഒരു ഇരയും തീർച്ചയായും ഉണ്ട്. നിയമവാഴ്ചയുള്ള ഒരു രാജ്യത്തു ഇരകൾക്കു നീതി ലഭ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എളുപ്പമാകണം. അക്കാര്യത്തിൽ കോടതികളുടെ സേവനം ഉപയോഗപ്പെടുത്തുന്നത് ക്ലേശകരമാണെന്ന പൊതു ധാരണ ജനങ്ങൾക്കുണ്ട്. 

പ്രാദേശികമായി രാഷ്ട്രീയമായും തദ്ദേശ സ്വയംഭരണ സംവിധാനമായും തിരിച്ചറിയപ്പെടുന്ന ഓരോ വ്യക്തിക്കും വഞ്ചനകൾക്കു ഇരയാകുന്ന ഇടങ്ങളിൽ സാമൂഹ്യ സുരക്ഷിതത്വവും പിന്തുണയും കിട്ടുന്നതുകൊണ്ടാണ് നിയമ സംവിധാനത്തിന്റെ സങ്കീര്‍ണതയിലേക്കു പോകാതെ തന്നെ വഞ്ചനകൾ തുലോം നിയന്ത്രിക്കപ്പെടുന്നതു. മറ്റുള്ളവനെ ചതിച്ചു സ്വയം തടിച്ചുകൊഴുക്കാനുള്ള പ്രവണത അധികം ഉള്ള നാടല്ല മലബാർ പ്രദേശങ്ങൾ. ഇത്രയും പറഞ്ഞത് ഒരു വഞ്ചനക്കു ഇരയായി നിയമത്തിന്റെ മുമ്പിൽ ചെന്ന് നീതിചോദിക്കാൻ നിർബന്ധിതമായ ഒരു സംഭവത്തെ മുൻനിർത്തിയാണ്. 

വ്യാജമായ ഒരു വ്യവസായ സംരംഭത്തിൽ പങ്കു വാഗ്ദാനം ചെയ്തു പണം പറ്റി പിന്നീട് ഒരു ഉത്തരവാദിത്തവും ഇല്ലാതെ ഒഴിഞ്ഞു മാറുകയും ഒത്തുതീർപ്പിനു സന്നദ്ധമല്ലാതിരിക്കുകയും ചെയ്ത ഒരു സംഭവം ഒരു വഞ്ചനാകുറ്റമായി നിയമത്തിന്റെ മുമ്പിൽ വരുക എന്നത് അനിവാര്യതയാണ്. വഞ്ചിക്കപ്പെടുന്ന വ്യക്തികൾ ഈ ഉത്തരവാദിത്തം ഏറ്റെടുത്താൽ മാത്രമേ ഇത്തരം വഞ്ചനകൾക്കു സമൂഹത്തിൽ അറുതിയുണ്ടാകൂ. 

ഇടതു രാഷ്ട്രീയം ആത്മാവിൽ കുടികൊള്ളുന്ന ഇടമാണ് മലബാർ. ജന്മിത്തത്തോടും സാമ്രാജ്യത്തോടും ഒപ്പം പോരാടി വിപ്ലവ രാഷ്ട്രീയത്തിന് ഇന്ത്യയിൽ അടിത്തറപണിത മലബാർ ഭാവിയിൽ ഫാസിസത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ പ്രതീക്ഷയായി കാണുന്നത് ഇടതു രാഷ്ട്രീയത്തെയാണ്. ഈ ഘട്ടത്തിൽ എല്ലാ തലത്തിലും നീതിയുടെ പക്ഷത്തു ഇടതു രാഷ്ട്രീയം ഉറച്ചുനിൽക്കേണ്ടതും വിശ്വാസ്യത നിലനിർത്തേണ്ടതും ആവശ്യമാണ്. 

ഇടതു രാഷ്ട്രീയം ആർജിക്കുന്ന പിന്തുണയുടെ ശീതളിമയിൽ വേട്ടക്കാരെ കുടിയിരുത്തി ഇരകളെ അവഗണിക്കുന്ന സാഹചര്യം ഉണ്ടാവുകയില്ല എന്നുതന്നെ വിശ്വസിക്കാനാണ് എന്റെ രാഷ്ട്രീയം എന്നെ ഇപ്പോഴും നിർബന്ധിക്കുന്നത്. സിപിഎം ഉന്നത നേതൃത്വത്തിലൂടെ നീതിക്കു ശ്രമിച്ചത് വ്യക്തിപരമായ ഒരു പ്രശ്നത്തെ സങ്കീര്ണമാക്കാതെ പരിഹരിക്കാനാണ്. 

അക്കാര്യത്തിൽ നേതൃത്വം പരാജയപ്പെട്ടത് ശുഭസൂചകമല്ല. കിട്ടേണ്ട അവകാശം ത്യജിച്ചുകൊണ്ടു പിന്മാറുക എന്ന ഒരു ഉപാധി സ്വീകരിക്കാവുന്നതല്ല. കാരണം അത് വഞ്ചനകൾക്കു പ്രോത്സാഹനമാകും. ഗൾഫിൽ ജീവിതം ഹോമിച്ചു കുടുംബത്തിനുവേണ്ടി ബാക്കിവെച്ച നീക്കിയിരുപ്പു വ്യാജ സംരംഭകരുടെ കെണിപ്പെട്ടികളിൽ അകപ്പെട്ടുപോകുന്ന സാഹചര്യം തടയപ്പെടാൻ ഓരോ വഞ്ചനകളും പൊതു സമൂഹത്തിൽ വെളിപ്പെടുത്തപ്പെടേണ്ടതുണ്ട്. 

ഒരു അനീതിക്കും ഇരയാകാതെ ജീവിക്കാനുള്ള പൗരാവകാശം ജനങ്ങളുടെ മുമ്പിൽ തുറന്നിടപ്പെടേണ്ടതുമുണ്ട്. പരാമൃഷ്ട വിഷയത്തിൽ നിയമനടപടികൾ മുന്നോട്ടു പോവുകയാണ്. കോടതി നിർദേശപ്രകാരം പോലിസ് അന്വേഷണം തുടരുകയാണ്. കേസിൽ കുറ്റാരോപിതനായ നിയമസഭാ സാമാജികൻ, പരിചയം പോലുമില്ലാത്ത ആൾ രാഷ്ട്രീയമായി തകർക്കാൻ നടത്തുന്ന വ്യാജ ആരോപണമാണെന്നു സാമൂഹ്യമാധ്യമത്തിൽ കുറിച്ച് കണ്ടു.

സിപിഎം സംസ്ഥാന നേതാക്കൾ പോലും ഇടപെട്ട വിഷയത്തിൽ നിയമത്തിന്റെ പഴുതുകൾ തേടിയുള്ള ഒരു നുണ ഒരു പൊതുപ്രവർത്തകൻ പൊതുസമൂഹത്തോടു പറയുമ്പോൾ എത്രമാത്രം ആളുകളാണ് വിഡ്ഢികളാക്കപ്പെടുന്നത്. ബാങ്ക് ഇടപാടുകളടക്കം തെളിവുകൾ കോടതിയിൽ സമർപ്പിക്കപ്പെട്ട കേസിൽ ഇനിയും എത്ര നുണകൾകൊണ്ട് ഒരു നിയമസഭാ സാമാജികൻ പ്രതിരോധിക്കുന്നത് ജനം കാണേണ്ടിവരും. ബാങ്ക് രേഖകൾ ചാനലുകൾ പുറത്തുവിട്ടതോടെ തട്ടിപ്പു പൊതുസമൂഹത്തിനു ബോധ്യപ്പെട്ടുകഴിഞ്ഞു. സിപിഎം രാഷ്ട്രീയ സംവിധാനത്തിന്റെ പരിരക്ഷ ഈ തട്ടിപ്പുകൾക്ക് ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അപേക്ഷ മുന്നോട്ടുവെക്കുന്നു.