കോഴിക്കോട്: കോഴിക്കോട് ഒഞ്ചിയത്തും, കൊയിലാണ്ടിയിലും തുടര്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അന്‍പതിലധികം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒഞ്ചിയവും, കൊയിലാണ്ടിയും കനത്തപോലീസ് കാവലിലാണ്. സിപിഎം ആര്‍എംപി ഏറ്റുമുട്ടല്‍ നടന്ന ഒഞ്ചിയം , ഓര്‍ക്കാട്ടേരി എന്നിവിടങ്ങളിലും, കൊയിലാണ്ടിയിലെ പുളിയഞ്ചേരിയിലും സ്ഥിതി സാധാരണ ഗതിയിലെത്തിയിട്ടില്ല. 

ഒഞ്ചിയത്ത് ആക്രമിക്കപ്പെട്ട പ്രവര്‍ത്തകരുടെ മൊഴിയെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന് ആര്‍എംപിക്ക് പരാതിയുണ്ട്. നാശനഷ്ടം സംഭവിച്ച വീടുകളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഓഫീസില്‍ ആയുധ ശേഖരം കണ്ടെത്തിയിട്ടും എന്‍ വേണുവിനെതിരെ കേസെടുക്കാത്തതില്‍ സിപിഎമ്മിന് പ്രതിഷേധമുണ്ട്. ഓര്‍ക്കാട്ടേരിയില്‍ കടകള്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഹര്‍ത്താലാചരിക്കുകയാണ്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഒഞ്ചിയം, ഓര്‍ക്കാട്ടേരി കൊയിലാണ്ടി എന്നിവിടങ്ങളിലായി അന്‍പതിലധികം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ 23 പേരെ റിമാന്ഡ് ചെയ്തു. തുടര്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്ന് കൂടുതല്‍ പോലീസിനെ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.