തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പ് വിഷയം ചര്‍ച്ചചെയ്യാനായി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് ആദ്യത്തെ കടമ്പ. മലപ്പുറം ജില്ലാകമ്മറ്റി നിര്‍ദേശിക്കുന്ന പേരുകള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. യു ഡി എഫിന് വലിയ ഭൂരിപക്ഷമുള്ള മണ്ഡലമാണെങ്കിലും ശക്തമായ മല്‍സരം കാഴ്ചവയ്ക്കാനാകുമെന്നാണ് സി പി എം വിലയിരുത്തല്‍. ശക്തമായ രാഷ്ട്രീയ മല്‍സരത്തിന് കളമൊരുക്കുമെന്നാണ് സെക്രട്ടേറിയറ്റ് പറയുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദവും സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്യും. മന്ത്രിയുടെ നടപടി ശരിയായില്ലെന്ന വികാരം പലനേതാക്കളും പങ്കുവയ്ക്കുന്നു, മന്ത്രിയില്‍നിന് വിശദീകരണം ചോദിച്ചശേഷം കൂടുതല്‍ ചര്‍ച്ചചെയ്യാമെന്ന തീരുമാനത്തിലെത്താനാണ് സാധ്യത. വിഴിഞ്ഞം കരാര്‍, നടിയെ ആക്രമിച്ച വിഷയം എന്നിവയും പോലീസിനെതിരെയുള്ള കോടതി പരാമര്‍ശവും സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ചയാകും.